‘മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’; ​ഗുജറാത്തിൽ പോസ്റ്ററൊട്ടിച്ച എട്ടുപേർ അറസ്റ്റിൽ

അഹമ്മദാബാദ്: ഗുജറാത്തിൽ മോദിക്കെതിരെ പോസ്റ്ററൊട്ടിച്ച എട്ടുപേർ അറസ്റ്റിൽ. അഹമ്മദാബാദിൽ വിവിധയിടങ്ങളിൽ ‘മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന പോസ്റ്റൊറൊട്ടിച്ചവരെയാണ് അറസ്റ്റു ചെയ്തതെന്ന് ദേശീയ വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായി ദേശീയ വ്യാപകമായി ആംആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന ക്യാംപെയ്നിന്റെ ഭാ​ഗമായാണ് മോദിക്കെതിരെയുള്ള പോസ്റ്ററുകൾ.

ന​ഗരത്തിലെ വിവിധയിടങ്ങളിൽ ആക്ഷേപകരമായ പോസ്റ്ററുകൾ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ കേസ് എടുത്തിട്ടുണ്ടെന്നും തുടരന്വേഷണം നടക്കുകയാണെന്നും അഹമ്മദ്ബാദ് പൊലീസ് പറഞ്ഞു. അതേസമയം, വിഷയത്തിൽ പ്രതികരണവുമായി ആംആദ്മി പാർട്ടി രം​ഗത്തെത്തി. അറസ്റ്റിലായവർ എല്ലാം പാർട്ടി പ്രവർത്തകരാണെന്ന് ​ഗുജറാത്ത് ആംആദ്മി പാർട്ടി അധ്യക്ഷൻ ഇസുദാൻ ​ഗഡ് വി പറഞ്ഞു. ബിജെപിയുടെ ഏകാധിപത്യ പ്രവണതയാണിത്. ബിജെപി പേടിച്ചിരിക്കുകയാണെന്നും ഇസുദാൻ ​ഗഡ് വി പറഞ്ഞു.

‘ബിജെപിയുടെ ഏകാധിപത്യത്തിലേക്ക് നോക്കൂ, മോദിക്കെതിരെ പോസ്റ്ററുകൾ ഒട്ടിച്ചതിന് ​ഗുജറാത്തിലെ വിവിധ ജയിലുകളിൽ കുറ്റം ചുമത്തി പാർട്ടി പ്രവർത്തകർ കഴിയുകയാണ്. മോദിയുടേയും ബിജെപിയുടേയും പേടിയല്ലാതെ മറ്റെന്താണിത്?.നിങ്ങൾക്ക് വേണ്ടത് നിങ്ങൾ ചെയ്തോളൂ, ആംആദ്മി പാർട്ടി പ്രവർത്തകർ അതിനോട് പൊരുതും’-. ഇസുദാൻ ​ഗഡ് വി പറഞ്ഞു. ‘മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന ക്യാംപയിൻ 11 ഭാഷകളിലായാണ് എഎപി നടത്തുന്നത്. ദില്ലിയിൽ പോസ്റ്ററൊട്ടിച്ച ആറു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ രണ്ട് പ്രസ് ഉടമകളും ഉൾപ്പെട്ടിരുന്നു.

Top