നാളെ ചെറിയ പെരുന്നാള്‍; സമ്പൂര്‍ണ ലോക്ക്ഡൗണില്‍ നാളെ ഇളവ്

തിരുവനന്തപുരം: ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണിന് ഇളവ്. വാഹനങ്ങള്‍ക്കും അവശ്യസാധനങ്ങളുടെ കടകള്‍ക്ക് പുറമേ ചെരുപ്പ് കടകള്‍ക്കും ഫാന്‍സി സ്റ്റോറുകള്‍ക്കുമാണ് അനുമതി. ഈദ് ഗാഹുകള്‍ ഉണ്ടാവുകയില്ല. വീടുകളില്‍ നമസ്‌ക്കാരം നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. തിങ്കള്‍ മുതല്‍ ശനിയാഴ്ച വരെ ലഭിക്കുന്ന ചില ഇളവുകള്‍ നാളെയുണ്ടാകും.

ചെറിയ പെരുന്നാള്‍ ദിനമായതിനാലാണ് സമ്പൂര്‍ണ ലോക്ഡൗണ്‍ ഒഴിവാക്കുന്നത്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് പുറമേ ബേക്കറികള്‍, മധുരം വില്‍ക്കുന്ന കടകള്‍, ചെരുപ്പ് കടകള്‍, ഫാന്‍സി സ്റ്റോറുകള്‍ എന്നിവയ്ക്കാണ് നാളെ പ്രവര്‍ത്തിക്കാന്‍ അനുമതി. പെട്രോള്‍ പമ്പുകള്‍ തുറക്കാം. ഇറച്ചി, മീന്‍ എന്നിവ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ആറു മുതല്‍ പതിനൊന്ന് വരെ പ്രവര്‍ത്തിക്കാം.

റസ്റ്ററന്‍ന്റുകളില്‍ പാഴ്‌സലുകള്‍ പതിവ് പോലെ ആകാം. എന്നാല്‍ തുണിക്കടകള്‍, സ്വര്‍ണക്കടകള്‍, ബാര്‍ബര്‍ ഷോപ്പ് ഉള്‍പ്പടെ മറ്റു വ്യാപാര സ്ഥാപനങ്ങള്‍ക്ക് തുറക്കാന്‍ അനുമതിയില്ല. ജില്ലകള്‍ക്കുള്ളില്‍ പരിമിതമായുള്ള പൊതുഗതാഗതം നാളെയുണ്ടാകും. സ്വകാര്യവാഹനങ്ങള്‍, ഓട്ടോ ടാക്‌സി സര്‍വീസുകളും തടയില്ല. ജില്ല വിട്ട് സമീപജില്ലയിലേക്ക് യാത്ര ചെയ്യുന്നതിനും വിലക്കില്ല. പക്ഷേ ഏഴു മണിക്ക് ശേഷമുള്ള യാത്രാ വിലക്കുണ്ടാകും. ഞായാറാഴ്ചകളില്‍ പൂര്‍ണ അടച്ചിടല്‍ നടത്തുന്ന സംസ്ഥാനത്ത് നാളെ ഒരു ദിവസത്തെക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

Top