ഇന്ന് ചെറിയ പെരുന്നാള്‍; ആഘോഷപൊലിമ കുറഞ്ഞ് ഇത്തവണത്തെ റമാദാന്‍

കോഴിക്കോട്: 30 ദിവസത്തെ റമദാന്‍ വ്രതശുദ്ധിക്ക് ശേഷം സംസ്ഥാനത്ത് ഇസ്ലാംമത വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. പെരുന്നാള്‍ ആഘോഷത്തിന്റെ പൊലിമ കൊവിഡ് കൈയ്യടക്കിയെങ്കിലും റമദാനെ വരവേല്‍ക്കാനുള്ള അവസാന ഘട്ട ഒരുക്കങ്ങളും മുസ്ലിം ജനത ഒരുക്കി വച്ചിരുന്നു.

പ്രധാന ചടങ്ങായ പെരുന്നാള്‍ നമസ്‌കാരം പോലും കൊവിഡിനെ തുടര്‍ന്ന് വീടുകളിലൊതുങ്ങി. പെരുന്നാള്‍ ദിനത്തില്‍ ലോക്ക്ഡൗണിന് ഇളവ് നല്‍കിയെങ്കിലും ആഘോഷങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകും. ഇത്തവണ റമസാന്‍ മുപ്പത് പൂര്‍ത്തിയാക്കിയാണ് വിശ്വാസികള്‍ ചെറിയ പെരുന്നാളിന് ഒരുങ്ങുന്നത്.

കൊവിഡ് നിയന്ത്രണം പാലിച്ചായിരുന്നു ഈ നോമ്പ് കാലം. പുതുവസ്ത്രം പോലും വാങ്ങാതെയാണ് പലരും ചെറിയ പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമാകുന്നത്. പെരുന്നാള്‍ ദിനത്തില്‍ ഭക്ഷണമൊരുക്കാനുള്ള അവശ്യസാധനങ്ങള്‍ വാങ്ങാനാണ് വിശ്വാസികള്‍ വീടിന് പുറത്തിറങ്ങിയത്. മത്സ്യ-മാംസ കമ്പോളങ്ങളില്‍ അതുകൊണ്ട് തന്നെ തിരക്ക് അനുഭവപ്പെട്ടു.

വ്യാപാര കേന്ദ്രങ്ങളിലൊന്നും പെരുന്നാള്‍ തലേന്നത്തെ പതിവ് കാഴ്ചകളില്ല. ആളുകള്‍ വളരെ കുറവാണ്. വിപണിയെയും കൊവിഡ് കാലത്തെ മാന്ദ്യം ബാധിച്ചു. പെരുന്നാള്‍ ഒരുക്കങ്ങള്‍ മുതിര്‍ന്നവര്‍ ഉള്‍പ്പടെ നടത്തുന്നത് വീടിനകത്തിരുന്നാണ്. ആഘോഷങ്ങള്‍ കുറച്ച് കൊവിഡ് മുക്തിക്കായി പ്രാര്‍ത്ഥിക്കാനാണ് വിശ്വാസികളോട് ഇത്തവണ മത നേതാക്കളുടെ ആഹ്വാനം.

Top