ഒരു മാസം നീണ്ട വ്രതശുദ്ധിയുടെ നാളുകള്‍ക്ക് വിട, ഇസ്ലാം മതവിശ്വാസികള്‍ക്ക് ഇന്ന് ചെറിയ പെരുന്നാള്‍

കൊച്ചി: ഇസ്ലാം മതവിശ്വാസികള്‍ക്ക് ഇന്ന് ചെറിയ പെരുന്നാള്‍. ഒരു മാസം നീണ്ട റമദാന്‍ വ്രതത്തിന് പരിസമാപ്തി കുറിച്ചാണ് പെരുന്നാള്‍ ആഘോഷം. വിവിധയിടങ്ങളിലെ ഈദ്ഗാഹുകളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കും. വീടുകളില്‍ മൈലാഞ്ചിയും പാട്ടും പലഹാരങ്ങളും ഒത്തുകൂടലുകളുമായി ചെറിയ പെരുന്നാള്‍ വിശ്വാസികള്‍ക്ക് ആഘോഷത്തിരക്കിന്റെ ദിവസമാണ്. വെള്ളിയാഴ്ച മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ റമദാന്‍ 30 ദിവസം പൂര്‍ത്തിയാക്കിയാണ് ഇസ്ലാം മതവിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. അന്നപാനീയങ്ങള്‍ വെടിഞ്ഞുള്ള ഒരു മാസക്കാലത്തെ വ്രതത്തിന്റെ അച്ചടക്കവും പരിശുദ്ധിയും ഇനിയുള്ള ദിവസങ്ങളിലേക്കും നിലനില്‍ക്കുമെന്ന് പ്രതിജ്ഞ ചെയ്താണ് വിശ്വാസികള്‍ പെരുന്നാളിലേക്ക് കടക്കുന്നത്.ഇസ്ലാമിക കലണ്ടറായ ഹിജ്റയിലെ ഒരു മാസത്തിന്റെ പേരാണ് റമദാന്‍ അഥവാ റംസാന്‍ എന്ന് അറിയപ്പെടുന്നത്. ഇതിന് ശേഷം വരുന്ന ശവ്വാല്‍ മാസത്തിലെ ആദ്യ ദിനത്തിലാണ് മുസ്ലീം വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ അഥവാ ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്നത്. യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലെയായിരുന്നു ചെറിയ പെരുന്നാള്‍.

Top