കേരളത്തിലെ പെരുന്നാള്‍ ഇളവുകള്‍; സുപ്രിംകോടതിയില്‍ മറുപടി സമര്‍പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍

ന്യൂഡല്‍ഹി: കേരളത്തിലെ പെരുന്നാള്‍ ഇളവുകള്‍ സംബന്ധിച്ച് സുപ്രിംകോടതിയില്‍ മറുപടി സമര്‍പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇളവുകള്‍ നല്‍കിയത് വിദഗ്ധരുമായി അടക്കം കൂടിയാലോചന നടത്തിയ ശേഷമെന്ന് കേരളം അറിയിച്ചു.

ചില മേഖലകളില്‍ മാത്രമാണ് വ്യാപാരികള്‍ക്ക് കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയത്. കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുമെന്നും ടിപിആര്‍ കുറച്ചുകൊണ്ടുവരാന്‍ ശ്രമം തുടരുകയാണെന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചു.

പെരുന്നാള്‍ പ്രമാണിച്ച് കേരളത്തില്‍ മൂന്ന് ദിവസത്തേക്കാണ് ലോക്ക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചത്. മൂന്ന് ദിവസവും എ,ബി,സി വിഭാഗങ്ങളിലെ മേഖലകളില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് പുറമെ തുണിക്കട, ചെരുപ്പുകട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയും തുറക്കാം. രാത്രി 8 മണിവരെയാണ് ഇവയ്ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാവുക. ഏറെക്കാലത്തിന് ശേഷമാണ് ഞായറാഴ്ചയില്‍ ഇളവ് അനുവദിച്ചത്.

വ്യവസായിയായ ന്യൂഡല്‍ഹി സ്വദേശി പി കെ ഡി നമ്പ്യാര്‍ ആണ് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിനെതിരെ ഹര്‍ജി നല്‍കിയത്. രാജ്യത്തെ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍ കേരളത്തിലാണെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

ബക്രീദിനോടനുബന്ധിച്ച് ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് കടകള്‍ എല്ലാം തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ഇന്നലെ രംഗത്തെത്തിയിരുന്നു. മൂന്നാം തരംഗം പടിവാതിലില്‍ എത്തിനില്‍ക്കെ നിയന്ത്രണങ്ങളിലെ ഇളവ് രോഗ ബാധ കൂട്ടിയേക്കാമെന്നാണ് വ്യാപക വിമര്‍ശനം.

Top