ഇഐഎ കരട് വിജ്ഞാപനം പിന്‍വലിക്കണം; വി എം സുധീരന്‍

തിരുവനന്തപുരം: പരിസ്ഥിതിക ആഘാത പഠന (ഇഐഎ) കരട് വിജ്ഞാപനം പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ ആവശ്യപ്പെട്ടു. പരിസ്ഥിതി ആഘാത പഠന കരട് വിജ്ഞാപനം ഉടനടി പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണം.

പരിസ്ഥിതി ആഘാത പഠനം നടത്താതെ തന്നെ പല പദ്ധതികളും തുടങ്ങാമെന്നത് തലതിരിഞ്ഞ നയമാണ്. നിലവിലുള്ള പരിസ്ഥിതി നിയമങ്ങളെ അട്ടിമറിക്കുന്നതും അപ്രസക്തമാക്കുന്നതുമാണ് വിജ്ഞാപനമെന്നും സുധീരന്‍ പറഞ്ഞു.

നേരത്തെ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും വിജ്ഞാപനം പിന്‍വലിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. പാരിസ്ഥിതിക നാശത്തിനും ചൂഷണത്തിനും ഇടയാക്കുമെന്നതിനാല്‍ ഇഐഎ 2020 കരട് പിന്‍വലിക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബി.ജെ.പി. സര്‍ക്കാര്‍ രാജ്യത്തിന്റെ വിഭവങ്ങള്‍ കവര്‍ന്ന് സുഹൃത്തുക്കള്‍ക്ക് നല്‍കുന്നതിന്റെ മറ്റൊരു ഉദാഹരണമാണിതെന്നും രാഹുല്‍ ട്വിറ്ററിറില്‍ കുറിച്ചു. നേരത്തെയും കരട് ഇ.ഐ.എ. വിജ്ഞാപനത്തെ ഗാന്ധി വിമര്‍ശിച്ചിരുന്നു. പൊതുജനങ്ങളുടെ അഭിപ്രായത്തിനായി സമര്‍പ്പിച്ചിരിക്കുന്ന കരട് അപമാനകരവും അപകടകരവുമാണെന്നാണ് അദ്ദേഹം ഞായറാഴ്ച അഭിപ്രായപ്പെട്ടത്.

Top