ഈജിപ്തില്‍ തടവില്‍ കഴിഞ്ഞിരുന്ന അല്‍ ജസീറ മാധ്യമ പ്രവര്‍ത്തകന് മോചനം

കൈറോ: ഈജിപ്ഷ്യന്‍ തടവില്‍ കഴിഞ്ഞിരുന്ന അല്‍ ജസീറ മാധ്യമപ്രവര്‍ത്തകനെ മോചിപ്പിക്കാന്‍ കോടതി ഉത്തരവ്. രാജ്യസുരക്ഷക്ക് ഭീഷണിയാവുന്ന വ്യാജവാര്‍ത്ത നല്‍കിയെന്നാരോപിച്ചായിരുന്നു അല്‍ ജസീറ മാധ്യമ പ്രവര്‍ത്തകന്‍ മഹ്മൂദ് ഹുസൈനെ ജയിലില്‍ അടച്ചിരുന്നത്.

വിചാരണയോ കുറ്റം ചുമത്തലോ ഇല്ലാതെ 880 ലേറെ ദിവസങ്ങള്‍ നീണ്ട തടവിനൊടുവിലാണ് ഹുസൈനെ മോചിതനാക്കാന്‍ കോടതി ഉത്തരവിട്ടത്. ഈജിപ്തില്‍ ജോലി ചെയ്തിരുന്ന ഹുസൈന്‍ 2013 ല്‍ അല്‍ജസീറ ഓഫീസ് അടച്ച് പൂട്ടിയതിനെ തുടര്‍ന്ന് ഖത്തറിലായിരുന്നു. കുടുംബത്തെ സന്ദര്‍ശിക്കാനായി കൈറോയിലെത്തിയ അദ്ദേഹത്തെ 2016 ഡിസംബര്‍ 20-നാണ് അറസ്റ്റ് ചെയ്തത്. കൈറോ വിമാനത്താവളത്തിലിറങ്ങിയ ഹുസൈനെ 15 മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്.

രാജ്യത്തെ ആഭ്യന്തരകാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക വഴി രാജ്യസുരക്ഷക്ക് ഭീഷണിയായെന്ന കാണിച്ച് രാജ്യദ്രോഹകുറ്റമാണ് ചുമത്തിയത്. എന്നാല്‍ അല്‍ജസീറ മീഡിയ നെറ്റവര്‍ക്ക് ഇത് നിഷേധിച്ചിരുന്നു. ഇത്തരത്തില്‍ വിചാരണ കൂടാതെ പതിനായിരക്കണക്കിന് പേരെ രാഷ്ട്രീയ കാരണങ്ങളാല്‍ ഈജിപ്ത് ജയിലിലടച്ചിട്ടുണ്ട്.

Top