ഈജിപ്തിലെ ദുരന്തങ്ങള്‍ക്ക് കാരണം മമ്മികള്‍ നീക്കാനുള്ള ശ്രമമെന്ന് വാദം

കെയ്‌റോ: ഈജിപ്തില്‍ അടിക്കടിയുണ്ടാകുന്ന ദുരന്തങ്ങള്‍ക്ക് കാരണം മ്യൂസിയത്തിനകത്ത് സൂക്ഷിച്ച രാജാക്കന്‍മാരുടെ ശവശരീരം (മമ്മി) മാറ്റാനുള്ള തീരുമാനമെന്ന് വാദം. ഏറ്റവും അവസാനം സൂയസ് കനാലില്‍ കപ്പല്‍ കുടുങ്ങിയതുള്‍പ്പടെയുള്ള ദുരന്തങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഒരു വിഭാഗം ഈ വാദമുയര്‍ത്തുന്നത്. നേരത്തെ വലിയ ട്രയിന്‍ അപകടമുണ്ടായതും, പലയിടങ്ങളിലെ തീപ്പിടുത്തവും വലിയ വാഹനാപകടങ്ങളും മമ്മികളുമായി ബന്ധപ്പെട്ട് ഉണ്ടായതാണെന്നാണ് ഇവര്‍ പറയുന്നത്. ഒരാഴ്ച കാലയളവിനുള്ളിലാണ് പലവിധ ദുരന്തങ്ങള്‍ ഈജിപ്ത് നേരിടേണ്ടി വന്നത്.

സൂയസ് കനാലില്‍ കപ്പല്‍ കുടുങ്ങിയത് മൂലം കോടികളുടെ ധനനഷ്ടമാണ് രാജ്യത്തിനുണ്ടായത്. അടിയന്തര ഘട്ടത്തില്‍ പ്രവര്‍ത്തിക്കേണ്ട ബ്രേക്ക് അപ്രതീക്ഷിതമായി പ്രവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് സോഹങ്ങില്‍ 30ലേറെ പേരുടെ മരണത്തില്‍ കലാശിച്ച ട്രയിന്‍ അപകടം സംഭവിച്ചത്. പത്തു നിലകെട്ടിടം തകര്‍ന്നതും നിര്‍മാണത്തിനിടെ പാലം തകര്‍ന്നതും ദിവസങ്ങള്‍ക്കകം സംഭവിച്ച ദുരന്തങ്ങളാണ്. ‘രാജാവിന്റെ സമാധാനം കെടുത്തുന്നവരെ മരണത്തിന്റെ ചിറകുകള്‍ അതിവേഗം വന്നുമൂടും’ എന്ന ഫറോവ (ഫിര്‍ഔന്‍) ലിഖിതം ഇവര്‍ വാദങ്ങള്‍ക്ക് തെളിവായി പറയുന്നുമുണ്ട്.

ഈജിപ്തിലെ മ്യൂസിയത്തില്‍ നിന്നും 22 മമ്മികള്‍ മാറ്റാന്‍ തീരുമാനിച്ചിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന ഈ മമ്മികളുടെ നീക്കമാണ് ഫറോവമാരുടെ അനിഷ്ടത്തിന് വഴിവെച്ചതെന്നാണ് വാദം. ഏപ്രില്‍ മൂന്നിനാണ് താഹിര്‍ ചത്വരത്തിലെ ഈജിപ്ഷ്യന്‍ മ്യൂസിയത്തില്‍ നിന്നും 22 മമ്മികള്‍ ഫുസ്റ്റാറ്റിലെ നാഷണല്‍ മ്യൂസിയം ഓഫ് ഈജിപ്ഷ്യന്‍ സിവിലൈസേഷനിലേക്ക് മാറ്റുക. റാംസെസ് രണ്ടാമന്റേയും രാജ്ഞി അഹ്‌മോസ് നെഫര്‍റ്റെരിയുടേയും അടക്കമുള്ള മമ്മികളാണ് പുതിയ ഇടത്തേക്ക് മാറ്റുന്നത്. നേരത്തെ മമ്മികള്‍ തുറന്നു പരിശോധിച്ച ശാസ്ത്രജ്ഞര്‍ അതിനു ശേഷം രോഗം ബാധിച്ച് മരണപ്പെട്ടിരുന്നു.

1922ല്‍ ഫറോവ തൂത്തന്‍ഖാമന്റെ മമ്മി തുറന്ന സംഘത്തില്‍ പെട്ട 20ലേറെ പേര്‍ പിന്നീട് പലകാരണങ്ങള്‍ കൊണ്ട് അകാലത്തില്‍ മരിച്ചിരുന്നു. ഇതോടെയാണ് മമ്മികള്‍ തുറക്കുന്നത് ഫറോവമാരുടെ ശാപത്തിനും ദുരന്തങ്ങള്‍ക്കും കാരണമാകുമെന്ന വിശ്വാസം ബലപ്പെട്ടത്. മാറ്റുന്ന മമ്മികളില്‍ പലതിന്റേയും ഉള്ളില്‍ വലിയ തോതില്‍ ബാക്ടീരിയകളും സൂഷ്മജീവികളും പെരുകുന്നുണ്ടെന്നും ഇത് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുമെന്നുമാണ് ഇതിനു കാരണമായി മെഡിക്കല്‍ വിദഗ്ധര്‍ പറയുന്നത്. മമ്മികള്‍ തുറന്നു നോക്കാനുള്ള ശ്രമങ്ങള്‍ക്കിടെയുണ്ടായ ദുരൂഹ മരണങ്ങളെ ഇതുമായിട്ടാണ് ബന്ധിപ്പിക്കുന്നത്.

Top