മലയില്‍ കുടുങ്ങിയിട്ട് 24 മണിക്കൂര്‍ പിന്നിട്ടു, രക്ഷാദൗത്യം തുടരുന്നു; ഹെലികോപ്റ്റര്‍ എത്തി

പാലക്കാട്: ചെറാട് എലിച്ചിരം കുറുമ്പാച്ചി മലയില്‍ കാല്‍വഴുതി വീണ് മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു.അപകടം നടന്ന് 24 മണിക്കൂറായിട്ടും യുവാവിനെ പുറത്തെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. തൃശൂരില്‍ നിന്നുള്ള എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തെത്തി. നേവിയുടെ സഹായവും തേടിയിട്ടുണ്ട്. നേവിയുടെ ഹെലികോപ്റ്റര്‍ സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പാലക്കാട് കലക്ടര്‍ അറിയിച്ചു.

മലമ്പുഴ ചെറാട് സ്വദേശി ആര്‍.ബാബു (23) ആണ് കുടുങ്ങിയത്.ബാബുവും സുഹൃത്തുക്കളായ മൂന്നു പേരും ചേര്‍ന്നാണു ഇന്നലെ ഉച്ചയ്ക്കു മല കയറിയത്. ഇറങ്ങുന്നതിനിടെ അവശനായ ബാബു കാല്‍ വഴുതി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ മരത്തിന്റെ വള്ളികളും വടിയും വടിയും ഇട്ടു നല്‍കിയെങ്കിലും ബാബുവിനു മുകളിലേക്കു കയറാനായില്ല.

സുഹൃത്തുക്കള്‍ മലയിറങ്ങി നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. ഇന്നലെ രാത്രി 12ന് അഗ്‌നിരക്ഷാ സേനയും മലമ്പുഴ പൊലീസും ബാബുവിനു സമീപം എത്തിയെങ്കിലും വെളിച്ചക്കുറവു മൂലം രക്ഷാപ്രവര്‍ത്തനം പുലര്‍ച്ചെ മാത്രമേ ആരംഭിക്കാകൂ എന്നതിനാല്‍ സംഘം അവിടെ ക്യാമ്പ് ചെയ്തു.

 

 

Top