രാജ്യത്ത് ചരിത്രം പ്രത്യേക വിഭാഗത്തിന്റേതാക്കാൻ ശ്രമം നടക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: ഒരു പ്രത്യേക വിഭാഗത്തിന്റേത് മാത്രമായി ചരിത്രത്തെ മാറ്റാനുള്ള ഗൂഢശ്രമം രാജ്യത്തു നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചരിത്രസ്മാരകങ്ങളുടെ പേര് വരെ ഇതിനായി മാറ്റുന്ന നിലയാണ്. അത്തരം ഘട്ടത്തിൽ അയ്യങ്കാളിയെ ഓർക്കേണ്ടത് ഉണ്ട്. പഞ്ചമിയുടെ സ്‌കൂൾ പ്രവേശനം ചരിത്രത്തിന്റെ ഗതി മാറ്റിയ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു. ഊരൂട്ടമ്പലം യുപി സ്കൂളിന്റെ പേര് അയ്യങ്കാളി – പഞ്ചമി സ്മാരക സ്കൂൾ എന്നാക്കി മാറ്റുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും മികച്ച പൊതുവിദ്യാഭ്യാസ മേഖല കേരളത്തിലേതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 2016ൽ ഇടത് സർക്കാർ അധികാരത്തിൽ വരുമ്പോൾ പല പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപ്പൂട്ടലിന്റെ വക്കിലായിരുന്നു. ഇടത് സർക്കാർ അധികാരത്തിലേറിയ ശേഷം പത്ത് ലക്ഷത്തോളം കുട്ടികൾ പുതുതായി പൊതുവിദ്യാലയങ്ങളിൽ എത്തിയെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ബോർഡുകൾ പോലും പരീക്ഷകൾ വേണ്ടെന്ന് വെച്ചപ്പോൾ കോവിഡ് കാലത്ത് കേരളം കൃത്യമായി പരീക്ഷ നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിന് വലിയ ജനകീയ ഇടപെടൽ ഉണ്ടായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Top