അടൂരിനെതിരായ പ്രതിഷേധം തെറ്റിദ്ധാരണ മൂലം; നെടുമുടി വേണു

സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത് തെറ്റിദ്ധരിക്കുകയായിരുന്നുവെന്ന് നടന്‍ നെടുമടി വേണു. ‘ജയ് ശ്രീറാം’ എന്ന് വിളിക്കുന്നതിന് എതിര് പറയുകയായിരുന്നില്ല, ആള്‍ക്കൂട്ട കൊലപാതകത്തെ പ്രതിഷേധിക്കുകയായിരുന്നു അടൂര്‍ ചെയ്തതെന്നും നെടുമുടി വേണു പറഞ്ഞു.

‘അദ്ദേഹം പറഞ്ഞത് തെറ്റിദ്ധരിക്കുകയായിരുന്നു. ആള്‍ക്കൂട്ട കൊലപാതകം നമ്മള്‍ എന്തായാലും പ്രതിഷേധിക്കേണ്ട വിഷയമാണ്. പക്ഷേ രാമന്റെ പേരില്‍ മന്ത്രം ജപിച്ചുകൊണ്ട് വേണോ ഇത് ചെയ്യാന്‍ എന്നാണ് അദ്ദേഹം പറഞ്ഞതെന്ന് എനിക്ക് തോന്നുന്നു. അല്ലാതെ ഹേ റാം എന്ന് വിളിക്കുന്നതിനൊന്നും അദ്ദേഹം എതിര് പറഞ്ഞിട്ടില്ല. അവനവന്റെ മനസാക്ഷിയെ നുള്ളിനോവിക്കുമ്പോഴാണ് പലപ്പോഴും നമ്മള്‍ പ്രതികരിക്കുന്നതെന്നും വേണു കൂട്ടിച്ചേര്‍ത്തു.

വിമര്‍ശനങ്ങളോട് എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും അസഹിഷ്ണുതയാണെന്നും എന്നാല്‍ ദേശീയ അവാര്‍ഡ് വേണ്ടെന്നുവെക്കണമെന്ന അടൂരിന്റെ അഭിപ്രായത്തോട് തനിക്ക് യോജിപ്പില്ലെന്നും നെടുമുടി കൂട്ടിച്ചേര്‍ത്തു. ജൂറിയില്‍ വിശ്വാസമില്ലാത്തവര്‍ അവാര്‍ഡിന് സിനിമ അയക്കാതിരിക്കുകയാണ് വേണ്ടതെന്നും താരം പറഞ്ഞു.

Top