പ്രഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധി

rain-mumbai

കല്‍പറ്റ : തോരാതെപെയ്യുന്ന മഴയെത്തുടര്‍ന്ന് വയനാട്ടിലെ പ്രഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും അവധിയായിരിക്കും. കണ്ണൂര്‍ സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.

അതേസമയം ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി പമ്പ ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലവിതാനം 986 മീറ്റര്‍ കടന്നതിനെ തുടര്‍ന്നാണ് പമ്പയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. പമ്പയിലെ ജലനിരപ്പ് മൂന്നു മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പമ്പ നദിയുടെ ഇരുകരകളിലുള്ളവരും ശബരി മല തീര്‍ത്ഥാടകരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു

അതേസമയം ഇടുക്കി ഡാമിലെ ട്രയല്‍ റണ്‍ തുടരാനാണ് ഇപ്പോള്‍ തീരുമാനമെടുത്തിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ കെഎസ്ഇബി അതീവജാഗ്രതാ നിര്‍ദേശമായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ രാവിലെ ഇടുക്കിചെറുതോണി ഡാമിന്റെ കൂടുതല്‍ ഷട്ടറുകള്‍ തുറക്കാനാണ് തീരുമാനം. ഇന്ന് ട്രയല്‍ റണ്‍ നടത്തിയിട്ടും ജലനിരപ്പ് ഗണ്യമായി കുറയാത്ത സാഹചര്യത്തിലാണ് കൂടുതല്‍ ഷട്ടറുകള്‍ തുറന്ന് ട്രയല്‍ റണ്‍ തുടരാന്‍ തീരുമാനിച്ചിരിക്കുന്നത്.

നിലവില്‍ ഡാമിലെ ജലനിരപ്പ് 2,399.40 അടിയാണ്. 2,403 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. ഡാമിന്റെ ഒരു ഷട്ടര്‍ 50 സെന്റീമീറ്റര്‍ ഉയര്‍ത്തിയാണ് ട്രയല്‍ റണ്‍ നടത്തുന്നത്.

Top