തമിഴ്‌നാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടന്‍ തുറക്കില്ല; തീരുമാനം പിന്‍വലിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ ഈ മാസം 16 മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതുസംബന്ധിച്ച് നേരത്തേ പുറത്തിറക്കിയ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. സാഹചര്യം പരിഗണിച്ച് സ്‌കൂളുകള്‍ തുറക്കുന്നതില്‍ പിന്നീട് തീരുമാനമെടുക്കും. അവസാന വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കും പി.എച്ച്.ഡി. ഗവേഷണ വിദ്യാര്‍ഥികള്‍ക്കുമായി കോളേജുകളും സര്‍വകലാശാലകളും ഡിസംബര്‍ രണ്ടു മുതല്‍ തുറക്കും

ഈ വിദ്യാര്‍ഥികള്‍ക്ക് മാത്രം കോളേജ് ഹോസ്റ്റല്‍ അനുവദിക്കും. മറ്റു വിദ്യാര്‍ഥികള്‍ക്കായി കോളേജുകള്‍ എപ്പോള്‍ തുറക്കുമെന്ന് പിന്നീട് അറിയിക്കും. കോളേജുകളും സര്‍വകലാശാലകളും തുറക്കുമ്പോള്‍ കോവിഡ് ജാഗ്രതാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു.

നേരിട്ട് ക്ലാസ് നടത്തുന്നത് സംബന്ധിച്ച് സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച സ്‌കൂളുകള്‍ വഴി രക്ഷിതാക്കളില്‍ നിന്ന് അഭിപ്രായശേഖരണവും നടത്തി. അതില്‍ ഭൂരിഭാഗം പേരും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിനെ എതിര്‍ത്തു. പിന്നാലെയാണ് തീരുമാനം റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

Top