വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായപദ്ധതി ഇന്നു മുതല്‍

തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പ എടുത്ത് തിരിച്ചടക്കാന്‍ കഴിയാത്തവര്‍ക്കായി സര്‍ക്കാരിന്റെ വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായപദ്ധതി ഇന്നു മുതല്‍ നിലവില്‍.

സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കാനാണ് പദ്ധതി. ഇന്നു മുതല്‍ പദ്ധതിക്കായി ഓണ്‍ലൈനായി അപേക്ഷിക്കാം.

പദ്ധതിയുടെ വെബ്‌പോര്‍ട്ടല്‍ ഗുണഭോക്താക്കളായ കുട്ടികള്‍ തൈക്കാട് ഗസ്റ്റ് ഹൗസില്‍ ഉദ്ഘാടനംചെയ്തു.

മന്ത്രിമാരായ തോമസ് ഐസക്, കെ.കെ. ശൈലജ, സി. രവീന്ദ്രനാഥ്, വി.എസ്. ശിവകുമാര്‍ എം.എല്‍.എ. എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ആനുകൂല്യത്തിന് അര്‍ഹതയുള്ളവര്‍

•2016 മാര്‍ച്ച് 31നോ അതിനുമുമ്പോ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കപ്പെട്ട നാലുലക്ഷംവരെയുള്ള വായ്പകളുടെ അടിസ്ഥാനതുകയുടെ 60 ശതമാനത്തിന് സര്‍ക്കാര്‍ സഹായം ലഭിക്കും.

•ശേഷിക്കുന്ന 40 ശതമാനം വായ്പയെടുത്തയാള്‍ വഹിക്കണം. പലിശ ബാങ്ക് എഴുതിത്തള്ളും.

•നാലുലക്ഷം മുതല്‍ ഏഴര ലക്ഷം വരെയുള്ള വായ്പ കുടിശ്ശികയുടെ 50 ശതമാനം വരെയും സര്‍ക്കാര്‍ വിഹിതമായി ലഭിക്കും.

•പഠനകാലയളവിലോ വായ്പാകാലയളവിലോ അപകടമോ അസുഖമോ കാരണം ശാരീരികമായോ മാനസികമായോ സ്ഥിരവൈകല്യം നേരിടുകയോ മരണം സംഭവിക്കുകയോ ചെയ്താല്‍ മുഴുവന്‍ തുകയും സര്‍ക്കാര്‍ വഹിക്കും.

•2016 മാര്‍ച്ച് ഒന്നിന് മുമ്പ് തിരിച്ചടവ് തുടങ്ങുകയും നിഷ്‌ക്രിയ ആസ്തിയായി മാറുകയും ചെയ്യാത്ത വായ്പകള്‍ക്കും സഹായം.

•അടിസ്ഥാനവായ്പയും പലിശയും ചേര്‍ന്ന വാര്‍ഷിക തിരിച്ചടവ് തുക സര്‍ക്കാരും വായ്പയെടുത്തയാളും പങ്കുെവച്ച് തിരിച്ചടക്കും.

•ഒന്നാംവര്‍ഷം 90 ശതമാനം സര്‍ക്കാര്‍ നല്‍കും. തുടര്‍ന്ന് 75, 50, 25 ശതമാനം വീതവും നല്‍കും. ബാക്കി തുക വായ്പയെടുത്ത ആള്‍ വഹിക്കും. നാലുവര്‍ഷമാണ് ഈ സഹായത്തിന്റെ കാലാവധി.

ആനുകൂല്യത്തിന് അര്‍ഹതയില്ലാത്തവര്‍

•നഴ്‌സിങ്ങിനൊഴികെയുള്ള മറ്റു കോഴ്‌സുകളിലെ മാനേജ്‌മെന്റ്, എന്‍.ആര്‍.ഐ.ക്വാട്ടയില്‍ പ്രവേശനം നേടിയവര്‍

•അംഗീകാരമില്ലാത്ത സ്ഥാപനങ്ങളില്‍ പ്രവേശിച്ചവര്‍

•ആറുലക്ഷം രൂപയ്ക്കുമേല്‍ വാര്‍ഷികവരുമാനമുള്ളവര്‍.

Top