കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ ഡിജിറ്റല്‍വല്‍ക്കരണത്തെ പ്രശംസിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റത്തിന് സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. റിപ്പബ്ലിക് ദിന സന്ദേശത്തിലാണ് കേരളം വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കിയ ഡിജിറ്റല്‍ പദ്ധതിയെ ഗവര്‍ണര്‍ മുക്തകണ്ഠം പ്രശംസിച്ചത്. ഡിജിറ്റല്‍ വല്‍ക്കരണത്തിന്റെ ഭാഗമായി കോവിഡ് കാലത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടപ്പാക്കിയത് സംസ്ഥാന സര്‍ക്കാരിന്റെ വലിയ നേട്ടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ ബ്രേക്ക് ദ ചെയ്ന്‍ ഒട്ടേറെ മാതൃകകള്‍ സൃഷ്ടിച്ചു. ഭവനരഹിതര്‍ക്കുള്ള ലൈഫ് പദ്ധതിയും അഭിനന്ദനാര്‍ഹമെന്ന് ഗവര്‍ണര്‍ പറഞ്ഞു.

സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് രാവിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയ പതാക ഉയര്‍ത്തി. സായുധ സേന, പോലീസ്, പാരാമിലിറ്ററി, എന്‍.സി.സി പരേഡുകളും ചടങ്ങില്‍ നടന്നു. കൊവിഡ് പശ്ചാത്തലത്തില്‍ ക്ഷണിക്കപ്പെട്ട 100 പേര്‍ക്കായിരുന്നു പ്രവേശനം.

ജില്ലാതല പരിപാടികളില്‍ മന്ത്രിമാരാണ് പതാക ഉയര്‍ത്തിയത്. പരമാവധി 100 പേര്‍ക്കാണ് പ്രവേശനം. സബ് ജില്ലാ തലത്തില്‍ സബ് ജില്ലാ മജിസ്ട്രേറ്റുമാരും ബ്ലോക്ക് തലത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുമാണ് പതാക ഉയര്‍ത്തി. എഴുപത്തിരണ്ടാമത് റിപ്പബ്ലിക് ദിനമാണ് രാജ്യം ഇന്ന് ആഘോഷിക്കുക.

 

Top