രാജ്യത്തെ വിഭ്യാഭ്യാസ രംഗത്ത് അഴിച്ചു പണി; പുതിയ വിദ്യാഭ്യാസ നയത്തിന് അംഗീകാരം

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിദ്യാഭ്യാസരംഗത്ത് പുതിയ വിദ്യാഭ്യാസനയത്തിന് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലെ പ്രഖ്യാപിത വാഗ്ദാനമായിരുന്നു പുതിയ വിദ്യാഭ്യാസനയം. കരട് വിദ്യാഭ്യാസനയം 2019-ലാണ് എന്‍ഡിഎ സര്‍ക്കാര്‍ പുറത്തിറക്കിയത്.

പൊതുജനങ്ങളില്‍ നിന്നും വിദഗ്ധരില്‍ നിന്നും അഭിപ്രായങ്ങള്‍ തേടിയ ശേഷമേ അന്തിമരൂപം പുറത്തിറക്കൂ എന്നും സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ കരട് നയത്തിലെ, സംസ്‌കൃതം നിര്‍ബന്ധിതപാഠ്യവിഷയമാക്കിക്കൊണ്ടുള്ള ത്രിഭാഷാ ഫോര്‍മുല, നാല് വര്‍ഷത്തെ ബിഎഡ് പദ്ധതി, അഞ്ചാം ക്ലാസ്സിനും എട്ടാം ക്ലാസ്സിനും പൊതുപരീക്ഷ എന്നീ നിര്‍ദേശങ്ങള്‍ വലിയ വിവാദമുയര്‍ത്തിയിരുന്നു. ഇതെല്ലാം പരിഗണിച്ച് ചില മാറ്റങ്ങള്‍ കരട് നയത്തില്‍ കേന്ദ്രമന്ത്രാലയം വരുത്തിയിട്ടുണ്ട്.

സ്‌കൂള്‍ തല വിദ്യാഭ്യാസത്തിലെ മാറ്റങ്ങള്‍

ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെ ഇനി ഇംഗ്ലീഷ് മീഡിയമില്ല എന്നതാണ് പുതിയ നയത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗം. അഞ്ചാം ക്ലാസ്സ് വരെ ക്ലാസ്സെടുക്കുന്നത് മാതൃഭാഷയിലാകണം എന്നത് നിര്‍ബന്ധമാക്കി. അഞ്ചാം ക്ലാസ്സ് വരെ ഭാഷയ്ക്കും കണക്കിനും പ്രാധാന്യം നല്‍കിയാകും പഠനം.

പൊതുപരീക്ഷകളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ വരുന്ന വലിയ സമ്മര്‍ദ്ദം ലഘൂകരിക്കാനുള്ള നടപടികള്‍ പുതിയ കരട് വിദ്യാഭ്യാസ നയത്തിലുണ്ടാകും. സാങ്കേതികവിദ്യയുമായി വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അറിവ് പകരുന്ന പാഠ്യപദ്ധതികള്‍ ഉറപ്പാക്കാന്‍ ആറാം ക്ലാസ് മുതല്‍ കോഡിംഗ് പോലുള്ള കോഴ്‌സുകള്‍ സ്‌കൂള്‍ സിലബസ്സില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനവുമുണ്ട്.

പുതിയ സ്‌കൂള്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ പഠിതാക്കളുടെ താത്പര്യങ്ങള്‍ക്ക് കൂടി അനുസരിച്ചുള്ള പാഠ്യപദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. 18 വയസ്സ് വരെ നിര്‍ബന്ധിതവിദ്യാഭ്യാസം ഉറപ്പാക്കും. 10 + 2 എന്ന ഇപ്പോഴത്തെ സമ്പ്രദായത്തിന് പകരം, 5 + 3 + 3 + 4 എന്നീ ഘട്ടങ്ങളാകും സ്‌കൂള്‍ വിദ്യാഭ്യാസത്തിലുണ്ടാകുക. അതായത്, മൂന്ന് വയസ്സ് മുതല്‍ എട്ട് വയസ്സ് വരെ ആദ്യഘട്ടം. 8 മുതല്‍ 11 വയസ്സ് വരെ രണ്ടാം ഘട്ടം. 11 മുതല്‍ 14 വരെ മൂന്നാം ഘട്ടം. 14 മുതല്‍ 18 വരെ നാലാം ഘട്ടം.

”3 മുതല്‍ 6 വയസ്സ് വരെയുള്ള കുട്ടികളെ ഇത് വരെ സ്‌കൂള്‍ കരിക്കുലത്തിന്റെ ഭാഗമാക്കിയിരുന്നില്ല. ഈ കാലഘട്ടം കുട്ടികളുടെ ബുദ്ധിവികാസത്തിലെ ഏറ്റവും നിര്‍ണായകമായ കാലങ്ങളിലൊന്നാണ്. ഈ കാലത്ത് കൂടുതല്‍ വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്‍കാന്‍ ഈ തീരുമാനത്തിലൂടെ കഴിയും. അതായത് ഇനി മുതല്‍ അങ്കണവാടിയും പ്രീസ്‌കൂളുമടക്കം 12 വര്‍ഷമാകും കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസ കാലഘട്ടം”, നയത്തില്‍ പറയുന്നു.

ഈ കാലഘട്ടത്തിലെ പഠനത്തിന് ആവശ്യമായ പാഠ്യപദ്ധതി തയ്യാറാക്കാന്‍ എന്‍സിഇആര്‍ടിയെ ചുമതലപ്പെടുത്തി. National Curricular and Pedagogical Framework for Early Childhood Care and Education (NCPFECCE) എന്നാകും പുതിയ പാഠ്യപദ്ധതിയുടെ പേര്.

പൊതുപരീക്ഷകള്‍ ഒബ്ജക്ടീവ് മാതൃകയിലും

പൊതുപരീക്ഷകള്‍ വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍പിക്കുന്ന സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ ഇവയെ രണ്ടായി തിരിക്കും. ഒബ്ജക്ടീവ് പരീക്ഷയും ഡിസ്‌ക്രിപ്റ്റീവ് പരീക്ഷയും. കാണാപ്പാഠം പഠിക്കുന്ന രീതി ഒഴിവാക്കാന്‍ ലക്ഷ്യമിട്ടുള്ളതാകും രണ്ട് പരീക്ഷയും. പഠിച്ച പാഠഭാഗങ്ങള്‍ എങ്ങനെ പൊതുജീവിതത്തില്‍ നടപ്പാക്കാമെന്ന തരത്തില്‍ പ്രായോഗിക അറിവും ഈ പരീക്ഷകളില്‍ ഒരു ഘടകമാകും.

ഗ്രേഡ് 3, 5, 8 എന്നീ ക്ലാസ്സുകളില്‍ ഉള്ള എല്ലാ കുട്ടികള്‍ക്കും പൊതുപരീക്ഷയുണ്ടാകും. പത്തും പന്ത്രണ്ടും ക്ലാസുകളിലെ പൊതുപരീക്ഷകള്‍ തുടരും. നിലവിലുള്ള മൂല്യനിര്‍ണയരീതിയില്‍ പൂര്‍ണമായും മാറ്റമുണ്ടാകും.

Top