സമൂഹത്തെ വെല്ലുവിളിച്ച് സ്‌കൂളിലയച്ച പിതാവാണ് തന്റെ മാതൃകാപുരുഷൻ ; മലാല

Malala

ദാവോസ്: ആണ്‍കുട്ടികളെ പുരുഷന്മാരാകാന്‍ പഠിപ്പിക്കണമെന്ന് നൊബേല്‍ സമ്മാനജേതാവ് മലാല യൂസഫ്‌സായ്. ദാവോസില്‍ നടക്കുന്ന ആഗോള സാമ്പത്തിക ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു മലാല. സ്ത്രീകൾ നേരിടുന്ന പ്രശ്ങ്ങളെകുറിച്ചും, അവരുടെ അവകാശങ്ങളെ കുറിച്ചും ചെറുപ്പക്കാര്‍ക്ക് മനസിലാക്കിക്കൊടുക്കേണ്ടതായുണ്ടെന്നും മലാല വ്യക്തമാക്കി.

സ്ത്രീകളുടെ അവകാശത്തിനായി നമ്മൾ പോരാടുമ്പോൾ യഥാര്‍ത്ഥത്തില്‍ നമ്മള്‍ പുരുഷന്മാരെയാണ് അഭിസംബോധന ചെയ്യുന്നത്. ഈ വിഷയങ്ങളിൽ പുരുഷന്മാര്‍ക്ക് വലിയ പ്രാധാന്യമുണ്ട്. കാരണം സ്ത്രീകളുള്‍പ്പെടെയുള്ള എല്ലാവര്‍ക്കും തുല്യമായ അവകാശങ്ങളുണ്ടെന്നും അതിനാൽ ഞങ്ങളും മുന്നേറ്റത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞാല്‍ മാത്രമേ ഒരു പുരുഷനാകാന്‍ കഴിയുകയുള്ളൂവെന്നും മലാല പറഞ്ഞു.

സ്ത്രീകൾക്ക് വിദ്യാഭ്യാസം ലഭിച്ചാല്‍ അവർ ശാക്തീകരിക്കപ്പെടുമെന്നും , അവരെ എതിർക്കാൻ കഴിയാതെവരുമെന്നും താലിബാന് അറിയാം. അതിനാലാണ് അവർ പെൺകുട്ടികളുടെ സ്കൂളിൽ അയക്കുന്നതിനെ എതിർക്കുന്നത്. സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് തുല്യരായി കാണാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. സമൂഹത്തെ വെല്ലുവിളിച്ച് തന്നെ സ്‌കൂളിലയച്ച പിതാവാണ് തന്റെ മാതൃകാപുരുഷനെന്നും മലാല കൂട്ടിച്ചേർത്തു.

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭീകരരുടെ വെടിയേറ്റ മലാലയ്ക്കു 2014ല്‍ ആണ് നൊബേല്‍ സമ്മാനം ലഭിച്ചത്. മലാല ഇപ്പോള്‍ ഇംഗ്ലണ്ടിലാണ് താമസം. താലിബാന്റെ തോക്കില്‍മുനയില്‍നിന്നുതിര്‍ന്ന വെടിയുണ്ടകള്‍ക്ക് മുന്നില്‍ പോലും തലകുനിക്കാതെ പ്രതീക്ഷകളുടെ ആയിരം മെഴുകുതിരികള്‍ തെളിയിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്ന മലാല ലോകമെമ്പാടുമുളള പെണ്‍കുട്ടികള്‍ക്ക് പ്രോത്സാഹനമാണെന്നാണ് ഐക്യരാഷ്ട്രസഭ വിലയിരുത്തിയത്.

Top