സ്വർണക്കടത്ത് കേസ് കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഇഡിയുടെ ട്രാൻസ്ഫർ ഹർജി

കൊച്ചി: സ്വർണക്കടത്ത് കേസിൽ നിർണായക നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേരളത്തിലെ കേസുകൾ ബംഗളൂരുവിലേക്ക് മാറ്റണമെന്നാണ് ആവശ്യം. ഇതിനായി സുപ്രീം കോടതിയിൽ ട്രാൻസ്ഫർ ഹർജി നൽകി. കേസ് അട്ടിമറിക്കാൻ സാധ്യത ഉണ്ടെന്ന് ആരോപിച്ചാണ് ഹർജി.

ഹർജി ഇന്ന് നമ്പറിട്ട് കിട്ടിയേക്കുമെന്നാണ് ഇ ഡി വൃത്തങ്ങൾ സൂചിപ്പിച്ചത്. കേരളത്തിൽ നീതിപൂ‍ർവമായ വിചാരണ ഉണ്ടാകുമെന്ന് ഉറപില്ല. കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യത ഉണ്ടെന്നാണ് ഇഡി ഹര്‍ജിയില്‍ പറയുന്നത്. സ്വർണക്കടത്തിലെ കളളപ്പണക്കേസ് എറണാകുളത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഇ ഡി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ബംഗളൂരു പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റണമെന്നാണ് ഹർജയിലെ ആവശ്യം.

അതേസമയം, സ്വപ്നാ സുരേഷ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രിയ്ക്കും സർക്കാരിനുമെതിരായ വെളിപ്പെടുത്തലുകളെ തുടർന്ന് സംസ്ഥാന സർക്കാർ തനിക്കെതിരെ രജിസ്റ്റർ ചെയ്ത ഗൂഢാലോചനാക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. കേസ് റദ്ദാക്കാനാകില്ലെന്നും സ്വപ്നയുടെ പരാമർശം സംസ്ഥാനത്ത് വലിയ ക്രമസമാധാന പ്രശ്നമുണ്ടാക്കിയെന്നും സർക്കാർ ഇന്ന് അറിയിക്കും. എന്നാൽ തന്നെ മനപൂർവം കളളക്കേസിൽ കുടുക്കിയെന്നാണ് സ്വപ്നയുടെ നിലപാട്.

Top