കിഫ്ബിക്കെതിരായ ഇ.ഡിയുടെ അന്വേഷണം; തോമസ് ഐസക് ഇന്ന് ഹാജരാകില്ല

കൊച്ചി: കിഫ്ബിക്കെതിരായ എൻഫോഴ്സ്മെന്‍റ് അന്വേഷണത്തിൽ മൊഴി നൽകാൻ മുൻ ധനമന്ത്രി തോമസ് ഐസക് ഇന്ന് ഹാജരാകില്ല. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉളളതിനാൽ കൊച്ചിയിലെ ഓഫീസിൽ എത്തില്ലെന്ന് അദ്ദേഹം ഇന്നലെ അറിയിച്ചിരുന്നു. തോമസ് ഐസക് വന്നില്ലെങ്കിൽ വീണ്ടും നോട്ടീസ് നൽകാനാണ് ഇഡിയുടെ തീരുമാനം. പുതിയ തീയതി നിശ്ചയിച്ച് ഉടൻ നോട്ടീസ് അയക്കും.

എന്നാൽ നോട്ടീസ് കിട്ടിയാലും ഹാജരാകണോയെന്ന് പാർട്ടിയോട് ആലോചിച്ച് തീരുമാനിക്കുമെന്നാണ് തോമസ് ഐസക് അറിയിച്ചിരിക്കുന്നത്. ഇഡിയുടെ ഇടപെടൽ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നാണ് തോമസ് ഐസക് ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചത്. കിഫ്ബിക്ക് വിദേശത്ത് നിന്ന് നിക്ഷേപം സ്വീകരിച്ചത് കേന്ദ്ര സർക്കാരിനെ അറിയിച്ചില്ലെന്നും മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നുമാണ് ആക്ഷേപം.

എല്ലാ ഏജൻസികളേയും തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം നടപ്പാക്കാനാണ് ബിജെപി സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. ഇപ്പോൾ ഇങ്ങനെയൊരു നീക്കം തനിക്കെതിരെ നടത്തുന്നതിന് പിന്നിൽ ഇഡിക്ക് പല താത്പര്യവമുണ്ടായിരിക്കും. അതിനെ ആ രീതിയിൽ തന്നെ നേരിടുമെന്നും തോമസ് ഐസക് വ്യക്തമാക്കി.

Top