ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് സ്ഥാനം; എഡ്നാള്‍ഡോ റോഡ്രിഗസിനെ പുറത്താക്കി

റിയോ ഡി ജനെയ്‌റോ: പ്രതിസന്ധിയില്‍പ്പെട്ടുഴലുന്ന ബ്രസീല്‍ ഫുട്‌ബോളിന് മറ്റൊരു തിരിച്ചടി. ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ്സ്ഥാനത്തുനിന്ന് എഡ്‌നാള്‍ഡോ റോഡ്രിഗസിനെ റിയോ ഡി ജനെയ്‌റോ കോടതി പുറത്താക്കി.

ലോകകപ്പ് യോഗ്യതാറൗണ്ടില്‍ തപ്പിത്തടയുന്ന ബ്രസീല്‍ ഫുട്‌ബോളിന് കൂടുതല്‍ ആഘാതം ഏല്‍പ്പിക്കുന്നതാണ് ഈ പുറത്താകല്‍. കൂടാതെ, ഫുട്‌ബോള്‍ ഫെഡറേഷന്‍ ഭരണത്തില്‍ ബാഹ്യ ഇടപെടലുകളുണ്ടായാല്‍ ആഗോള ഫുട്‌ബോള്‍ സംഘടനയായ ഫിഫയ്ക്ക് ബ്രസീലിനെതിരേ വിലക്കുപ്രഖ്യാപിക്കാനും കഴിയും. കോടതി ഉത്തരവിനെതിരേ നിയമജ്ഞരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് കോണ്‍ഫെഡറേഷന്‍ വക്താവ് അറിയിച്ചു.2017-ല്‍ ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് ചട്ടം മാറ്റിയിരുന്നു. ഒന്നാം ഡിവിഷനില്‍ കളിക്കുന്ന ക്ലബ്ബുമായി ആലോചന നടത്താതെയായിരുന്നു ഇത്. ഇതേത്തുടര്‍ന്നുനടന്ന തിരഞ്ഞെടുപ്പില്‍ റോജെറോ കാബോക്ലോ പ്രസിഡന്റാവുകയും ചെയ്തു. എന്നാല്‍, ലൈംഗികാരോപണത്തില്‍ കുടുങ്ങി 2021-ല്‍ റോജെറോക്ക് പ്രസിഡന്റ്സ്ഥാനം നഷ്ടമായി. തുടര്‍ന്നാണ് എഡ്‌നാള്‍ഡോ താത്കാലിക പ്രസിഡന്റായത്. ഫെഡറേഷന്‍ വരുത്തിയ മാറ്റം റിയോ കോടതി റദ്ദാക്കുകയും ചെയ്തു.

റോഡ്രിഗസിന് അധികാരം ലഭിക്കാന്‍ കാരണമായ തിരഞ്ഞെടുപ്പ് കരാര്‍ റദ്ദാക്കിക്കൊണ്ടാണ് കോടതി ഉത്തരവ്. ഒരു മാസത്തിനകം പുതിയ ഭരണസമിതിയെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്താനും കോടതി ഉത്തരവിട്ടു. ഇതടക്കമുള്ള ഭരണപരമായ കാര്യങ്ങള്‍ക്കായി താത്കാലിക സമിതിയെയും നിയോഗിച്ചു.ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ്സ്ഥാനത്തെത്തുന്ന ആദ്യ ആഫ്രിക്കന്‍വംശജനാണ് എഡ്‌നാള്‍ഡോ. 2022-ല്‍ ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷനും പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫീസും തമ്മിലുണ്ടാക്കിയ കരാര്‍പ്രകാരംനടന്ന തിരഞ്ഞെടുപ്പിലാണ് എഡ്‌നാള്‍ഡോ പ്രസിഡന്റാകുന്നത്. എന്നാല്‍, കരാറുണ്ടാക്കുന്നതില്‍ പ്രോസിക്യൂട്ടര്‍ ഓഫീസ് അധികാരലംഘനം നടത്തിയെന്ന് കോടതി ചൂണ്ടിക്കാട്ടി.

Top