പെയിഡ് ന്യൂസ് : മാധ്യമങ്ങള്‍ വിശദീകരണം നല്‍കാന്‍ ബാധ്യസ്ഥരാണെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ്

media

ന്യൂഡല്‍ഹി: ചില പ്രമുഖ മാധ്യമങ്ങള്‍ പെയിഡ് ന്യൂസിന് വിധേയരാകുന്നുവെന്ന ‘കോബ്ര പോസ്റ്റ്’ വെളിപ്പെടുത്തലില്‍ ആശങ്ക പ്രകടിപ്പിച്ച് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ.

വിവിധ കോണുകളില്‍നിന്ന് മാധ്യമങ്ങള്‍ ആക്രമണങ്ങള്‍ക്ക് വിധേയമാകുമ്പോള്‍ സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കാനും ഉന്നതനിലവാരം പുലര്‍ത്താനും പത്രപ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ മാധ്യമ സ്ഥാപനങ്ങള്‍ അവരുടെ നിലപാട് ജനങ്ങളോട് വിശദീകരിക്കാന്‍ ബാധ്യസ്ഥരാണെന്നും പ്രസ്താവനയില്‍ പറയുന്നു.

മാധ്യമ ഉടമകളും മാനേജ്മന്റെുകളും പത്രപ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളികള്‍ മനസ്സിലാക്കുകയും അവര്‍ക്ക് നേരെയുള്ള അപവാദ പ്രചാരണങ്ങള്‍ തടയാനും വിശ്വാസ്യത നിലനിര്‍ത്താനും നടപടി സ്വീകരിക്കേണ്ടതുമുണ്ട്. മാധ്യമ സ്വാതന്ത്ര്യം ആദരിക്കപ്പെടേണ്ടതാണ്. പെയിഡ് ന്യൂസ് മാധ്യമങ്ങളുടെ വിശ്വാസ്യതക്ക് കളങ്കമാകുമെന്നും ഗില്‍ഡ് ചൂണ്ടിക്കാട്ടി.

വാര്‍ത്തയുടെ ഉള്ളടക്കം പണം വാങ്ങി വില്‍പന നടത്തുന്ന സംഭവം ഗൗരവതരമാണ്. എഡിറ്റോറിയലിന്റെയും പരസ്യത്തിന്റെയും ഇടങ്ങള്‍ക്കിടയില്‍ അനുരഞ്ജനം പാടില്ലെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് വ്യക്തമാക്കി.

ജനാധിപത്യത്തിന്റെ നിലനില്‍പിന് സ്വതന്ത്ര പത്രപ്രവര്‍ത്തനം അനിവാര്യമാണെന്ന കാര്യം ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ മനസ്സിലാക്കണം. ഭീഷണി നേരിടുന്ന പത്രപ്രവര്‍ത്തകര്‍ക്ക് പൂര്‍ണ സംരക്ഷണം ഉറപ്പാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ തയാറാകണം. ഇതുസംബന്ധിച്ച പരാതികളില്‍ ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്നും കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഗില്‍ഡ് ആവശ്യപ്പെട്ടു.

Top