എക്‌സിന് പുറകെ ത്രെഡ്സിലും എഡിറ്റ് ബട്ടണ്‍; സമയപരിധി അഞ്ച് മിനിറ്റ്; വോയ്സ് മെസ്സേജും പോസ്റ്റാക്കാം

പഭോക്താക്കളുടെ വര്‍ഷങ്ങള്‍ നീണ്ട ആവശ്യം പരിഗണിച്ച് കഴിഞ്ഞ വര്‍ഷമാണ് എക്സില്‍ എഡിറ്റ് ഫീച്ചര്‍ അവതരിപ്പിച്ചത്. ത്രെഡ്സില്‍ താമസിയാതെ പുതിയ എഡിറ്റ് ബട്ടണ്‍ എത്തും. പോസ്റ്റ് പങ്കുവെച്ച് അഞ്ച് മിനിറ്റിനുള്ളില്‍ എത്ര തവണ വേണമെങ്കിലും എഡിറ്റ് ചെയ്യാനാവും. പോസ്റ്റിന് മുകളില്‍ വലത് ഭാഗത്തായുള്ള ത്രീ ഡോട്ട് ബട്ടനില്‍ എഡിറ്റ് ഓപ്ഷന്‍ കാണാം. ഇത് ക്ലിക്ക് ചെയ്ത് പോസ്റ്റ് എഡിറ്റ് ചെയ്യാനാവും.

എക്സില്‍ ഒരു പോസ്റ്റ് എഡിറ്റ് ചെയ്താല്‍ അതിന്റെ ഹിസ്റ്ററി കാണാന്‍ സാധിക്കും. ത്രെഡ്സില്‍ അതില്ല. ഇത് ത്രെഡ്സിലെ എഡിറ്റ് ഫീച്ചര്‍ ദുരുപയോഗം ചെയ്തേക്കുമെന്ന വിമര്‍ശനത്തിന് ഇടയാക്കുന്നുണ്ട്. അതായത് ത്രെഡ്സില്‍ ഒരു പോസ്റ്റ് പങ്കുവെച്ചതിന് ശേഷം അത് ഏതെങ്കിലും വിധത്തില്‍ വൈറലായിക്കഴിഞ്ഞാല്‍ ആ പോസ്റ്റ് പിന്നീട് പൂര്‍ണമായി മാറ്റി എഴുതാന്‍ സാധിക്കും. ആദ്യം പങ്കുവെച്ച യഥാര്‍ത്ഥ പോസ്റ്റ് എന്താണെന്ന് കാണാനും സാധിക്കില്ല.

ഇത് കൂടാതെ വോയ്സ് ത്രെഡ്സ് എന്ന പേരില്‍ മറ്റൊരു ഫീച്ചറും ത്രെഡ്സ് അവതരിപ്പിച്ചിട്ടുണ്ട്. ഈ ഫീച്ചര്‍ വഴി ആളുകള്‍ക്ക് വോയ്സ് മെസേജ് പോസ്റ്റായി പങ്കുവെക്കാം. റിപ്ലൈയും ശബ്ദമായി പങ്കുവെക്കാനാവും.

Top