ഈഡന്‍ ഗാര്‍ഡന്‍സ് തീപ്പിടുത്തം; ആശങ്ക വേണ്ട, ലോകകപ്പ് തയ്യാറെടുപ്പുകളെ ഒരുതരത്തിലും ബാധിക്കില്ല

കൊല്‍ക്കത്ത : ഏകദിന ലോകകപ്പ് തുടങ്ങാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കേ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ തീപ്പിടുത്തമുണ്ടായത് വലിയ ആശങ്ക സൃഷ്‌ടിച്ചിരുന്നു. ഈഡനിലെ ഡ്രസിംഗ് റൂമിലാണ് അഗ്നിപടര്‍ന്നത്. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണം എന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്‌ച രാത്രിയായിരുന്നു സംഭവം. എന്നാല്‍ സ്റ്റേഡിയത്തിലെ തീപ്പിടുത്തം ലോകകപ്പ് തയ്യാറെടുപ്പുകളെ ഒരുതരത്തിലും ബാധിക്കില്ലെന്നും ടൂര്‍ണമെന്റിനായി കൃത്യസമയത്ത് സ്റ്റേഡിയം തയ്യാറാവും എന്നും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്നേഹാശിഷ് ഗാംഗുലി വ്യക്തമാക്കി.

‘കഴിഞ്ഞ ദിവസം രാത്രി 11.50നാണ് തീപ്പിടുത്തമുണ്ടായത്. ഉടനടി ജീവനക്കാര്‍ ഇടപെടുകയും തീയണയ്‌ക്കുകയും ചെയ്തു. പറയത്തക്ക കേടുപാടുകള്‍ ഡ്രസിംഗ് റൂമിനുണ്ടായിട്ടില്ല. കേബിളുകള്‍ മാത്രമാണ് കത്തിനശിച്ചത്. കേടുപാട് സംഭവിച്ച കേബിളുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ മാറ്റി സ്ഥാപിക്കും’ എന്നും സ്നേഹാശിഷ് ഗാംഗുലി പറഞ്ഞു.

ലോകകപ്പ് ഒരുക്കങ്ങളുടെ ഭാഗമായി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് ഈ‍ഡന്‍ ഗാര്‍ഡന്‍സില്‍ താരങ്ങളുടെ ഡ്രസിംഗ് റൂമില്‍ അഗ്നിബാധയുണ്ടായത്. അഗ്നിബാധയില്‍ കാര്യമായ നാശനഷ്ടങ്ങളുണ്ടായില്ല എന്നത് ടൂര്‍ണമെന്റിന് മുമ്പ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് ആശ്വാസമാണ്.

ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പില്‍ അഞ്ച് മത്സരങ്ങള്‍ക്കാണ് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് വേദിയാവുന്നത്. പാകിസ്ഥാന്റെ രണ്ട് മത്സരങ്ങള്‍ക്ക് ഇവിടം വേദിയാവും. ഒക്ടോബര്‍ 31ന് ബംഗ്ലാദേശിനെതിരെയും നവംബര്‍ 11ന് ഇംഗ്ലണ്ടിനെതിരേയുമാണ് ഇവിടെ പാക് ടീമിന്റെ മത്സരങ്ങള്‍. ഒക്ടോബര്‍ 28ന് നെതര്‍ലന്‍ഡ്‌സ്- ബംഗ്ലാദേശ് മത്സരവും നവംബര്‍ 5ന് ഇന്ത്യ- ദക്ഷിണാഫ്രിക്ക സൂപ്പര്‍ പോരാട്ടവും കൊല്‍ക്കത്തയിലാണ്. നവംബര്‍ 11ന് സെമി മത്സരത്തിനും ഈഡന്‍ ഗാര്‍ഡന്‍സ് വേദിയാവും. ഈഡന് പുറമെ ലോകകപ്പിന്റെ വേദികളായ മറ്റ് സ്റ്റേഡിയങ്ങളിലും സന്നാഹ മത്സരങ്ങളുടെ വേദികളിലും ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.

Top