‘കുറച്ചുകൂടി മാന്യതയുള്ള നിലപാടുകളും അഭിപ്രായങ്ങളും ആകാമായിരുന്നു’; കമലിനോട് ഇടവേള ബാബു

കൊച്ചി : താരസംഘടനയായ അമ്മയ്‌ക്കെതിരെ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ജനറല്‍ സെക്രട്ടറി ഇടവേള ബാബു രംഗത്ത്. നിലപാടുകളും അഭിപ്രായങ്ങളും ആകാമെന്നും എന്നാല്‍ കുറച്ചുകൂടി മാന്യത ആകാമായിരുന്നുവെന്നും ഇടവേള ബാബു തുറന്നടിച്ചു.

50 ന് ശേഷമുള്ള അംഗങ്ങള്‍ ഔദാര്യവും കൈനീട്ടി ജീവിക്കുന്നവര്‍ ആണെന്ന് ആണല്ലോ. കാഴ്ചപ്പാട്.. പക്ഷെ, അവരും അഭിമാനത്തോടെ ജീവിക്കുന്നവരാണ്.. കമല്‍ എന്ന വ്യക്തിയുടെ മനസ്സില്‍ ഞങ്ങള്‍ ഒക്കെ നിര്‍ഗുണന്‍മാര്‍ ആയിരുന്നു എന്നാണ് കരുതി വെച്ചിട്ടുള്ളതെന്നു ഇപ്പോഴെങ്കിലും തുറന്നു പറഞ്ഞതിന് ഏറെ നന്ദിയുണ്ടെന്നും ഇടവേള ബാബു വ്യക്തമാക്കി.

മലയാള സിനിമ ആവിഷ്‌കാരത്തിലും തൊഴിലിടത്തിലും സ്ത്രീ വിരുദ്ധമാണെന്നും മഹാന്‍മാരെന്ന് കരുതുന്ന ചലച്ചിത്രകാരന്‍മാരും എഴുത്തുകാരും നടന്‍മാരുമെല്ലാം ഇതിന് ഉത്തരവാദികളാണെന്നും കമല്‍ അഭിപ്രായപ്പെട്ടിരുന്നു. 500 ലേറെ അംഗങ്ങളുള്ള താരസംഘടനയില്‍ 50 പേരെ സജീവമായി അഭിനയരംഗത്തുള്ളൂവെന്നും അവശേഷിക്കുന്ന 450 പേരും ഔദാര്യത്തിനായി കാത്തുനില്‍ക്കുന്നവരാണെന്നും ആയിരുന്നു പ്രസ്താവന. അതിനാല്‍ അതില്‍ ഒരിക്കലും ജനാധിപത്യം ഉണ്ടാകില്ലെന്നും അത് പ്രതീക്ഷിക്കുന്നവര്‍ വിഡ്ഢികളാണെന്നും കമല്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Top