എടപ്പാള്‍ തീയേറ്റര്‍ ഉടമയുടെ അറസ്റ്റ് പുന:പരിശോധിക്കാന്‍ നീക്കം

edappal-rape-case

തിരുവനന്തപുരം: എടപ്പാളിലെ തിയേറ്ററില്‍ പത്തുവയസുകാരിയെ അമ്മയുടെ സഹായത്തോടെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ചൈല്‍ഡ് ലൈനിന് ദൃശ്യങ്ങളടക്കമുള്ള വിവരങ്ങള്‍ കൈമാറിയ തിയേറ്റര്‍ ഉടമ ഇ.സി.സതീശനെ അറസ്റ്റ് ചെയ്ത സംഭവം പുനപരിശോധിക്കാന്‍ ആഭ്യന്തരവകുപ്പ് നീക്കം തുടങ്ങി. അറസ്റ്റ് ചട്ടംലഘിച്ചാണെന്ന് പൊലീസിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പരിശോധനകള്‍ക്ക് ശേഷം സംഭവത്തില്‍ തുടര്‍ നടപടി മതിയെന്ന് ഡിജിപി ക്രൈംബ്രാഞ്ചിന് നിര്‍ദ്ദേശം നല്‍കി. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഷാജു വര്‍ഗീസിനെ സ്ഥലം മാറ്റി ക്രൈംബ്രാഞ്ചിന് നല്‍കിയതിന് പിന്നാലെയാണ് ഡിജിപിയുടെ നിര്‍ദ്ദേശമുണ്ടായിരിക്കുന്നത്. തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍. അജിത്കുമാറിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നയിരുന്നു സ്ഥലം മാറ്റം.

പൊലീസിന്റെ നടപടിക്കെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ മുഖ്യമന്ത്രി ഡിജിപിയോട് വിശദീകരണം തേടിയിരുന്നു. സതീശനെ അറസ്റ്റ് ചെയ്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഷാജു വര്‍ഗീസിനായിരുന്നെന്ന് തൃശൂര്‍ റേഞ്ച് ഐ.ജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഐ.ജി നല്‍കിയ വിശദീകരണത്തിന് പിന്നാലെയാണ് സംഭവത്തില്‍ വകുപ്പുതല നടപടിയുണ്ടായിരിക്കുന്നത്.

കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാനെന്ന രീതിയില്‍ ചങ്ങരംകുളം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ ശേഷമാണ് സതീശന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പോക്‌സോ ചുമത്തി മഞ്ചേരി കോടതിയില്‍ ഹാജരാക്കാനായിരുന്നു പൊലീസിന്റെ നീക്കം. എന്നാല്‍ സംസ്ഥാന വനിത കമ്മീഷന്‍ അദ്ധ്യക്ഷ എം.സി. ജോസഫൈന്‍, മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍ അടക്കമുള്ളവര്‍ പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നു. പൊലീസിന്റേത് പ്രതികാര നടപടിയാണെന്ന ആരോപണം ശക്തമായതോടെ ഉച്ചയ്ക്കുശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.

ഏപ്രില്‍ 18നായിരുന്നു എടപ്പാള്‍ ശാരദ ടാക്കീസില്‍ വച്ച് അമ്മക്കൊപ്പം സിനിമ കാണാനെത്തിയ 10 വയസുകാരിയെ തൃത്താല സ്വദേശിയും വ്യവസായിയുമായ കാങ്കുന്നത്ത് മൊയ്തീന്‍കുട്ടി രണ്ടര മണിക്കൂറോളം പീഡിപ്പിച്ചത്. സി.സി. ടിവിയില്‍ പതിഞ്ഞ പീഡനദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട തീയേറ്റര്‍ ഉടമ ഇക്കാര്യം ചൈല്‍ഡ് ലൈനിനെ അറിയിച്ചു. ഏപ്രില്‍ 26ന് ദൃശ്യങ്ങള്‍ സഹിതം ചൈല്‍ഡ് ലൈന്‍ അധികൃതര്‍ മുഖേന തീയേറ്റര്‍ ഉടമ ചങ്ങരംകുളം പൊലീസിന് പരാതി നല്‍കിയെങ്കിലും രണ്ടാഴ്ചയോളം പൊലീസ് കേസെടുത്തില്ല. തുടര്‍ന്ന് ഇക്കാര്യം മാധ്യമങ്ങളിലൂടെ പുറത്തറിഞ്ഞതോടെയാണ് കേസെടുത്ത് പ്രതിയെയും കുട്ടിയുടെ അമ്മയെയും അറസ്റ്റ് ചെയ്തത്.

Top