എടപ്പാളില്‍ ഉപേക്ഷിക്കപ്പെട്ട ബൈക്കുകള്‍; അന്വേഷണം പൂര്‍ത്തിയായാലെ തിരികെ നല്‍കുവെന്ന് പൊലീസ്

മലപ്പുറം: ശബരിമല യുവതീപ്രവേശനവുമായ് ബന്ധപ്പെട്ട് കര്‍മസമിതി നടത്തിയ ഹര്‍ത്താലിനിടെ എടപ്പാള്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലുമുണ്ടായ സംഘര്‍ഷങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട ബൈക്കുകള്‍ അന്വേഷം പൂര്‍ത്തിയായതിന് ശേഷം മാത്രമേ തിരികെ നല്‍കുകയുള്ളുവെന്ന് പൊലീസ്. ജനുവരി മൂന്നിന് നടത്തിയ ഹര്‍ത്താലിനിടെ അക്രമികള്‍ ഉപേക്ഷിച്ചു പോയതും പൊലീസ് പിടിച്ചെടുത്തതുമായ ബൈക്കുകള് പൊന്നാനി, ചങ്ങരകുളം പൊലീസ് സ്റ്റേഷനുകളിലായി വെയിലും മഞ്ഞുമേറ്റ് നശിച്ചു കൊണ്ടിരിക്കുകയാണ്.

ഹര്‍ത്താല്‍ ദിനത്തില്‍ എടപ്പാള്‍ ജംഗ്ഷനില്‍ വച്ച് സിപിഐഎം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷം സമൂഹമാധ്യമങ്ങളില്‍ പിന്നീട് വൈറലായിരുന്നു. എടപ്പാള്‍ ടൗണില്‍ സംഘടിച്ചു നിന്ന ഒരു വിഭാഗവും അവിടേക്ക് ബൈക്കുകളിലെത്തിയ മറ്റൊരു സംഘവും തമ്മില്‍ വലിയ സംഘര്‍ഷം ഉണ്ടാവുകയായിരുന്നു. ബൈക്കിലെത്തിയവരെ എതിര്‍വിഭാഗം ചുറ്റും നിന്ന് അക്രമിച്ചതോടെ ആദ്യമെത്തിയവര്‍ ബൈക്കുകള്‍ ഉപേക്ഷിച്ച് ഓടി പോകുകയായിരുന്നു.

ബൈക്ക് റോഡില്‍ കളഞ്ഞ് ഓടിപോയത് ആരാണെന്നതിനെ ചൊല്ലി പിന്നീടുള്ള ദിവസങ്ങളില്‍ സിപിഐഎം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എടപ്പാള്‍ ഓട്ടത്തിനിടെ റോഡില്‍ ഉപേക്ഷിച്ചു പോയ എട്ട് ബൈക്കുകള്‍ ഇപ്പോള്‍ ചങ്ങരംകുളം പൊലീസ് സ്റ്റേഷനില്‍ കിടന്നു തുരുമ്പെടുക്കുകയാണ്. അക്രമസംഭവങ്ങള്‍ക്കിടെ റോഡില്‍ സംശയാസ്പദമായ നിലയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത 26 ബൈക്കുകള്‍ പൊന്നാനി സ്റ്റേഷനിലും കിടപ്പുണ്ട്.

ബൈക്കുകളുടെ നമ്പര്‍ പരിശോധിച്ച പൊലീസ് ഉടമസ്ഥരെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ആരേയും അന്വേഷിച്ച് പോയിട്ടില്ല. ബൈക്ക് ഉടമകളില്‍ ചിലര്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് ബൈക്ക് കസ്റ്റഡിയിലുണ്ടെന്ന് ഉറപ്പിച്ചെങ്കിലും സ്റ്റേഷനില്‍ നേരിട്ട് ഹാജരായില്ല. ബൈക്ക് തേടി നേരിട്ട് സ്റ്റേഷനിലെത്തിയവരോടാവട്ടെ അന്വേഷണം പൂര്‍ത്തിയായ ശേഷമേ ബൈക്ക് വിട്ടുതരാന്‍ കഴിയൂ എന്നുമാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.

Top