edappadi palaniswami tamilnadu chief minister

ചെന്നൈ: എഐഎഡിഎംകെ നിയമാസഭാ കക്ഷിനേതാവ് എടപ്പാടി പളനിസ്വാമി തമിഴ്‌നാട് മുഖ്യമന്ത്രിയാകും. വൈകുന്നേരം നാലുമണിക്ക് സത്യപ്രതിജ്ഞ ചെയ്യും.

ഗവര്‍ണറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ എടപ്പാടി പളനിസ്വാമിയെ ഗവര്‍ണര്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കുകയായിരുന്നു. മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്കു കൈമാറി.

പതിനഞ്ച് ദിവസത്തിനകം പളനിസ്വാമി നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണം. ഗവര്‍ണര്‍ ഇതിനെകുറിച്ചുള്ള നിയമന ഉത്തരവിറക്കി. 124 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് പളനിസ്വാമി ഗവര്‍ണറെ അറിയിച്ചു.

പളനിസ്വാമി രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗവര്‍ണറുടെ ക്ഷണപ്രകാരമാണ് പളനിസ്വാമി രാജ്ഭവനിലെത്തിയത്.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയ്ക്ക്‌ തമിഴ്‌നാട്ടിലെ മൂന്നാമത്തെ മുഖ്യമന്ത്രിയാണ് പളനിസാമി. സേലം ജില്ലയിലെ എടപ്പാടിയില്‍നിന്നുള്ള ജനപ്രതിനിധിയാണ് പളനിസാമി.

പളനിസ്വാമി മുഖ്യമന്ത്രിയാകുമെന്ന വാര്‍ത്ത പുറത്തുവന്നതോടെ കൂവത്തൂരിലെ റിസോര്‍ട്ടില്‍ ശശികല അനുകൂലികള്‍ ആഹ്ലാദ പ്രകടനം തുടങ്ങി. അമ്മയുടെ വിജയം എന്നാണ് നടപടിയെ പാര്‍ട്ടി വിശേഷിപ്പിച്ചത്.

സെങ്കോട്ടയ്യന്‍ വേലുസ്വാമി എന്നിവരടക്കം അഞ്ചുപേരുടെ പളനിസ്വാമിയുടെ ഒപ്പമുണ്ടായിരുന്നു. തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാകുമെന്ന പ്രതീക്ഷ കൂടിക്കാഴ്ചക്കുമുന്നേ പാര്‍ട്ടി നേതൃത്വം പങ്കുവെച്ചിരുന്നു.

Top