കരുവന്നൂര്‍ കള്ളപ്പണ ഇടപാടില്‍ രണ്ടാം ഘട്ട അന്വേഷണവുമായി ഇഡി

തൃശ്ശൂര്‍: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ രണ്ടാം ഘട്ട അന്വേഷണം അരംഭിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് രണ്ടാംഘട്ട അന്വേഷണം. കേസില്‍ കൂടുതല്‍ പേര്‍ക്ക് സമന്‍സ് നല്‍കി വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് നീക്കം. നേരത്തെ ചോദ്യം ചെയ്ത മുന്‍ മന്ത്രി എസി മൊയ്തീനെയും എം കെ കണ്ണനെയും വീണ്ടും ചോദ്യം ചെയ്തേക്കും.

കരുവന്നൂരില്‍ ഇതുവരെ 90 കോടിയുടെ കള്ളപ്പണം ഇടപാട് നടന്നുവെന്ന് ഇ.ഡി. 55 പ്രതികളെ ഉള്‍പ്പെടുത്തി പന്ത്രണ്ടായിരത്തോളം പേജുള്ള കുറ്റപത്രം കഴിഞ്ഞ ദിവസം ഇ ഡി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അനധികൃത വായ്പ നല്‍കിയത് സി പി ഐ എം നേതാക്കളുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു എന്ന പ്രതികളുടെ മൊഴിയും ഇ ഡി വിശദമായി പരിശോധിക്കും.

55 പ്രതികളുള്ള ആദ്യ കുറ്റപത്രത്തില്‍ കമ്മിഷന്‍ ഏജന്റ് ബിജോയ് ആണ് ഒന്നാംപ്രതി. വടക്കാഞ്ചേരി നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി ആര്‍ അരവിന്ദാക്ഷന്‍ പതിനഞ്ചാം പ്രതിയും പി സതീഷ് കുമാര്‍ പതിനാലാം പ്രതിയുമാണ്. കരുവന്നൂര്‍ കള്ളപ്പണകേസില്‍ കമ്മീഷന്‍ ഏജന്റായിരുന്നു ബിജോയി. ബാങ്കിന്റെ ഏജന്റായി പ്രവര്‍ത്തിച്ച ബിജോയ് കോടികള്‍ തട്ടിയെടുത്തുവെന്നായിരുന്നു നേരത്തെ വിജിലന്‍സിന്റെയും കണ്ടെത്തല്‍.വിജിലന്‍സ് കേസില്‍ അഞ്ചാം പ്രതിയായിരുന്നു ബിജോയി. ആറുപെട്ടികളിലായാണ് ആദ്യഘട്ട കുറ്റപത്രം ഇ ഡി ഉദ്യോഗസ്ഥര്‍ കോടതിയില്‍ എത്തിച്ചത്.

കേരളം കണ്ട ഏറ്റവും വലിയ സഹകരണ കൊള്ളയാണ് കരുവന്നൂരിലേത്. 2011-12 മുതല്‍ ബാങ്കില്‍ നടന്ന തട്ടിപ്പില്‍ 219 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തല്‍. സഹകരണവകുപ്പ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്ത് വരുന്നത്. 2021 ജൂലൈ 21ന് ബാങ്ക് സെക്രട്ടറിയുടെ പരാതിയില്‍ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിരുന്നു.

 

Top