ജോലിക്ക് പകരം ഭൂമി അഴിമതിക്കേസില്‍ തേജസ്വി യാദവിനെ ഇഡി ഇന്ന് ചോദ്യം ചെയ്യും

ഡല്‍ഹി: ജോലിക്ക് പകരം ഭൂമി അഴിമതിക്കേസില്‍ രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവും ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. പട്‌ന ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജനുവരി 19ന് കേന്ദ്ര ഏജന്‍സി തേജസ്വിക്ക് സമന്‍സ് അയച്ചിരുന്നു.

നേരത്തേ ഡിസംബര്‍ 22 ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് തേജസ്വി യാദവിന് ഇഡി നോട്ടീസ് നല്‍കിയിരുന്നു. പിന്നീട് 5 ന് ഹാജാരാകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തേജസ്വി ഹാജരായിരുന്നില്ല. തുടര്‍ന്ന് 27ന് ഹാജരാകാനും നോട്ടീസ് നല്‍കി. അന്നും ഹാജരാകാതിരുന്നതോടെയാണ് ഇന്ന് വീണ്ടും വിളിപ്പിച്ചിരിക്കുന്നത്. ആര്‍ജെഡി മേധാവിയും തേജസ്വിയുടെ പിതാവുമായ ലാലു പ്രസാദ് യാദവിനെ ഇഡി ഇന്നലെ 10 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

ഡല്‍ഹിയില്‍ നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണ് ലാലുവിനെ ചോദ്യം ചെയ്തത്. മകള്‍ മിസാ ഭാരതി എംപിക്കൊപ്പമാണ് ഇഡി ഓഫിസിലേക്ക് ലാലു എത്തിയത്. പട്‌നയിലെ ഓഫീസിന് മുന്‍പില്‍ ആര്‍ജെഡി പ്രവര്‍ത്തകര്‍ വലിയ പ്രതിഷേധമായിരുന്നു തീര്‍ത്തത്. ലാലു കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കെ നിയമനങ്ങള്‍ക്കു പകരമായി ഉദ്യോഗാര്‍ഥികളില്‍നിന്നു തുച്ഛവിലയ്ക്കു കുടുംബാംഗങ്ങളുടെയും ആശ്രിതരുടെയും പേരില്‍ ഭൂമി എഴുതി വാങ്ങിയെന്നതാണു കേസ്.

Top