ഇ.ഡി. റെയ്ഡ്; ഉദ്യോഗസ്ഥരുടെ സമയം പാഴാക്കുകയാണെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ഡല്‍ഹിയിലും പഞ്ചാബിലുമായി 35 ഇടങ്ങളില്‍ ഇ.ഡി. റെയ്ഡ്. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയേയും ഉയര്‍ന്ന ഉദ്യോഗസ്ഥരേയും പ്രതിചേര്‍ത്ത കേസിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൂട്ട റെയ്ഡ്. അതേസമയം, ചിലരുടെ വൃത്തിക്കെട്ട രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി കേന്ദ്ര അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരുടെ സമയം പാഴാക്കുകയാണെന്ന വിമര്‍ശവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തി.

‘കഴിഞ്ഞ മൂന്ന് മാസത്തിനിടെ 500 റെയ്ഡുകളാണ് നടത്തിയത്. 300ലേറെ സി.ബി.ഐ./ഇ.ഡി. ഉദ്യോഗസ്ഥരാണ് മനീഷ് സിസോദിയക്കെതിരെ തെളിവ് കണ്ടെത്താന്‍ 24 മണിക്കൂറും പരിശ്രമിക്കുന്നത്. തെറ്റായി ഒന്നും നടക്കാത്തതിനാല്‍ ഒരു തെളിവും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വൃത്തികെട്ട രാഷ്ട്രീയത്തിനായി ഇത്രയും ഉദ്യോഗസ്ഥരുടെ സമയം പാഴാക്കുകയാണ്. രാജ്യം എങ്ങനെയാണ് പുരോഗമിക്കുക?’- കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.

മദ്യവില്‍പ്പന സ്വകാര്യമേഖലയ്ക്ക് കൈമാറിയ ഡല്‍ഹി സര്‍ക്കാരിന്റെ പുതിയ നയത്തില്‍ ക്രമക്കേട് ഉണ്ടെന്നാണ് സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലുള്ളത്. സിസോദിയ ഒന്നാം പ്രതിയായ എഫ്.ഐ.ആറില്‍ 15 പേരെയാണ് പ്രതിചേര്‍ത്തിരിക്കുന്നത്. കേസില്‍ മലയാളിയായ വിജയ് നായരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ നവംബറില്‍ നടപ്പാക്കിയ നയം സി.ബി.ഐ. കേസെടുത്തതിന് പിന്നാലെ ഡല്‍ഹി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.

Top