ലാലു പ്രസാദ് യാദവിനും തേജസ്വി യാദവിനും ഇ‍ഡി സമൻസ്; ചോദ്യം ചെയ്യലിന് ഹാജരാകണം

പട്ന : ജോലിക്കു പകരം ഭൂമി അഴിമതി കേസിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനും മകനും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് അയച്ചു. ചോദ്യം ചെയ്യലിനായി ലാലു യാദവ് 27നും തേജസ്വി യാദവ് 22നും ഹാജരാകാനാണ് ഇഡി നിർദേശം. സിബിഐ റജിസ്റ്റർ ചെയ്ത ജോലിക്കു പകരം ഭൂമി കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇഡിയുടെ സമൻസ്. സിബിഐ കേസിൽ ലാലു യാദവ്, പത്നി റാബ്റി ദേവി, മകൻ തേജസ്വി യാദവ് എന്നിവർക്ക് ഒക്ടോബറിൽ ജാമ്യം അനുവദിച്ചിരുന്നു.

ലാലു കുടുംബത്തിന്റെ ബെനാമിയെന്നു സംശയിക്കുന്ന ബിസിനസുകാരൻ അമിത് കട്യാലിനെ കഴിഞ്ഞ മാസം ഇഡി അറസ്റ്റു ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു ലാലുവിനെയും തേജസ്വിയെയും ചോദ്യം ചെയ്യാനുള്ള നീക്കം.

ലാലു യാദവ് കേന്ദ്ര റയിൽവേ മന്ത്രിയായിരിക്കെ നിയമനങ്ങൾക്കു പകരമായി ഉദ്യോഗാർഥികളിൽനിന്നു ഭൂമി തുച്ഛ വിലയ്ക്കു കുടുംബാംഗങ്ങളുടെയും ബെനാമികളുടെയും പേരിൽ എഴുതി വാങ്ങിയെന്നാണു സിബിഐ കേസ്. 4.39 കോടി രൂപ വിലമതിക്കുന്ന ഒരു ലക്ഷം ചതുരശ്ര അടി ഭൂമി വെറും 26 ലക്ഷം രൂപയ്ക്കു ലാലു കുടുംബത്തിന്റെ പേരിലാക്കിയെന്നു സിബിഐ കണ്ടെത്തിയിരുന്നു.

Top