അനില്‍ ദേശ്മുഖിന് ഇഡിയുടെ സമന്‍സ്

മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഹാജരാകാന്‍ മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചു. ശനിയാഴ്ച രാവിലെ 11 മണിക്ക് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കള്ളപ്പണ നിരോധന നിയമപ്രകാരം ദേശ്മുഖിന്റെ പി.എ. കുന്ദന്‍ ഷിന്‍ഡേയെയും പേഴ്സണല്‍ സെക്രട്ടറി സഞ്ജീവ് പാലന്ദേയെയും ഇ.ഡി. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഒന്‍പതു മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിനു ശേഷമായിരുന്നു ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇരുവരെയും പി.എം.എല്‍.എ.(പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്ട്) നിയമം പ്രകാരം കോടതിയില്‍ ശനിയാഴ്ച ഹാജരാക്കും.

വെള്ളിയാഴ്ച രാവിലെ ദേശ്മുഖിന്റെ നാഗ്പൂരില്‍ വസതിയിലും മുംബൈയിലെ മറ്റ് രണ്ടു വസതികളിലും ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു. മുംബൈയിലെ 10 ബാറുടമകള്‍ ദേശ്മുഖിന് നാലു കോടി രൂപ നല്‍കിയതിന്റെ രേഖകള്‍ കണ്ടെടുത്തതായി ഇ.ഡി. വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

 

Top