ന്യൂസ് ക്ലിക്ക് ഫണ്ടിംഗ് കേസ്; അമേരിക്കന്‍ വ്യവസായി നെവില്‍ റോയ് സിംഗാമിന് ഇ.ഡി സമന്‍സ്

ഡല്‍ഹി: ന്യൂസ് ക്ലിക്ക് ഫണ്ടിംഗ് കേസില്‍ തുടര്‍ നടപടിയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ന്യൂസ് പോര്‍ട്ടലിനെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ വ്യവസായി നെവില്‍ റോയ് സിംഗാമിന് ഇ.ഡി സമന്‍സ് അയച്ചതായി റിപ്പോര്‍ട്ട്. വിദേശകാര്യ മന്ത്രാലയം വഴിയാണ് സമന്‍സ് അയച്ചിരിക്കുന്നത്.

എഫ്സിആര്‍എ വ്യവസ്ഥകള്‍ ലംഘിച്ച് നാല് വിദേശ സ്ഥാപനങ്ങള്‍ വഴി ‘ന്യൂസ് ക്ലിക്ക്’ ഏകദേശം 28.46 കോടി രൂപ പണം സ്വീകരിച്ചുവെന്നാണ് ആരോപണം. സിംഗാമിന്റെ ധനസഹായം ആദായനികുതി വകുപ്പിന് പുറമേ സിബിഐ, ഇഡി, ഡല്‍ഹി പൊലീസ് എന്നിവരും അന്വേഷിക്കുന്നുണ്ട്. ഒക്ടോബര്‍ 3-ന് ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുര്‍ക്കയസ്തയെയും ഹ്യൂമന്‍ റിസോഴ്‌സ് മേധാവി അമിത് ചക്രവര്‍ത്തിയെയും ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തിരുന്നു.

ചൈന അനുകൂല പ്രചരണത്തിന് പണം കൈപ്പറ്റിയെന്ന കേസിലായിരുന്നു അറസ്റ്റ്. തീവ്രവാദ വിരുദ്ധ നിയമം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ പരമാധികാരവും, ഐക്യവും, അഖണ്ഡതയും തകര്‍ക്കാന്‍ ഗൂഢാലോചന നടത്തി എന്നതടക്കമുള്ള പരാമശങ്ങള്‍ എഫ്‌ഐആറില്‍ ഉണ്ട്.

Top