മദ്യനയ അഴിമതി കേസ്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് ഇ.ഡി

ഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. നവംബര്‍ രണ്ടിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ഏപ്രില്‍ മാസത്തില്‍ ഇതേ കേസില്‍ ഇഡി അരവിന്ദ് കെജ്രിവാളിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു.

ഇന്ന് കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് ഇഡി മുഖ്യമന്ത്രി കെജ്രിവാളിന് നോട്ടീസ് നല്‍കിയത്. മനീഷ് സിസോദിയയുടെ ജാമ്യഹര്‍ജി സുപ്രീംകോടതിയാണ് തള്ളിയത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്വിഎന്‍ ഭട്ടി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. കേസിന്റെ വിചാരണ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നത് കൂടി കണക്കിലെടുത്താണ് തീരുമാനം.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സിബിഐയും രജിസ്റ്റര്‍ ചെയ്ത കേസുകളിലെ ജാമ്യാപേക്ഷകളിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. നേരത്തെ കേസുമായി ബന്ധപ്പെട്ട വാദത്തില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് എതിരെ ശക്തമായ നിരീക്ഷണം കോടതി നടത്തിയിരുന്നു. വിചാരണവേളയില്‍ ഈ കേസ് തള്ളി പോകുമെന്നതടക്കം നീരീക്ഷണങ്ങള്‍ ഉണ്ടായി.

എന്നാല്‍ 388 കോടി രൂപയുടെ കൈമാറ്റം തെളിയിക്കാനായെന്നും അതിനാല്‍ ജാമ്യം തള്ളുകയാണെന്നും കോടതി പറഞ്ഞു. മദ്യനയം രൂപീകരിച്ചതിലൂടെ ആം ആദ്മി പാര്‍ട്ടിയും മനീഷ് സിസോദിയ ഉള്‍പ്പടെയുള്ളവരും സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.

Top