മുട്ടില്‍ മരംമുറി കേസ്; വിശദാംശങ്ങള്‍ തേടി ക്രൈംബ്രാഞ്ചിന് കത്തയച്ച് ഇ.ഡി

കൊച്ചി: മുട്ടില്‍ മരംമുറി കേസില്‍ അന്വേഷണ വിവരങ്ങള്‍ കൈമാറണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ക്രൈംബ്രാഞ്ചിന് കത്ത് നല്‍കി. മരംമുറിക്കല്‍ കേസിലെ പ്രതികളുടെ സാമ്പത്തിക ഇടപാട് രേഖകള്‍ ആവശ്യപ്പെട്ടാണ് കത്തയച്ചത്. അഗസ്റ്റിന്‍ സഹോദരങ്ങള്‍ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ അടക്കം വേണെമെന്നാണ് ഇഡി ആവശ്യം.

അഗസ്റ്റിന്‍ സഹോദരങ്ങളടക്കം മീനങ്ങാടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ 40 പ്രതികളെ ഉള്‍പ്പെടുത്തിയാണ് ഇഡി അന്വേഷണം നടത്തുന്നത്. മരം കൊള്ളയില്‍ നടന്ന കള്ളപ്പണത്തെക്കുറിച്ചാണ് ഇഡി അന്വേഷിക്കുന്നത്. മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് മീനങ്ങാടി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ആദ്യം ഉണ്ടായിരുന്നത് അഗസ്റ്റിന്‍ സഹോദരങ്ങളും, റവന്യു ഉദ്യോഗസ്ഥരും അടക്കം 68 പേരായിരുന്നു. ഇതില്‍ കര്‍ഷകരെയും ആദിവാസികളെയും അടക്കം 20 പേരെ ഒഴിവാക്കിയാണ് ഇഡി അന്വേഷണം.

മരംകൊള്ള കേസ് ആദ്യം അന്വേഷിച്ച് വയനാട് സൗത്ത് ഡിഎഫ്ഒ പി രഞ്ജിത് കുമാറിനോട് രേഖകള്‍ സഹിതം നാളെ ഹാജരാകാനും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. തടിക്കടത്ത് മാഫിയയും ഉദ്യോഗസ്ഥരുമടക്കം കള്ളപ്പണ ഇടപാടില്‍ പങ്കാളികളായി എന്ന് ഇഡി വ്യക്തമാക്കുന്നുണ്ട്. ഉദ്യോഗസ്ഥരുടെ സാമ്പത്തിക ഇടപാടുകള്‍, ഭൂമി റജിസ്‌ട്രേഷന്‍ അടക്കം ഈ അന്വേഷണ പരിധിയില്‍ വരും. കേസില്‍ പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങളുടെ ജാമ്യ ഹര്‍ജി ഹൈക്കോടതിയിയുടെ പരിഗണനയിലാണ്.

Top