രോഹിത് പവാറിന്റെ 50 കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി; തിരഞ്ഞെടുപ്പ് അടുത്തതിന്റെ പ്രതിഫലനമെന്ന് രോഹിത്

രദ് പവാറിന്റെ ബന്ധുവും എംഎൽഎയുമായ രോഹിത് പവാറിന്റെ ഉടമസ്ഥതയിലുള്ള പഞ്ചസാര മില്ലിന്റെ 50 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് സ്വത്തുക്കൾ കണ്ടുകെട്ടിയിരിക്കുന്നത്. മഹാരാഷ്ട്ര സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് നടപടി.

ഔറംഗാബാദ് ജില്ലയിലെ കന്നാഡ് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന കന്നാഡ് സഹകാരി സഖർ കർഖാന ലിമിറ്റഡിന്റെ 161.30 ഏക്കർ ഭൂമി, കെട്ടിടം, പ്ലാൻറ്, യന്ത്രങ്ങൾ എന്നിവയാണ് ഇ.ഡി കണ്ടുകെട്ടിയത്. ബാരാമതി അഗ്രോ ലിമിറ്റഡിന്റെ കീഴിലാണ് ഈ മിൽ. രോഹിത് പവാറിന്റെ ഉടമസ്ഥതയിലുള്ളതാണ് ബാരാമതി അഗ്രോ ലിമിറ്റഡ്.  മഹാരാഷ്ട്ര സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് അനധികൃതമായി പഞ്ചസാര മില്ലുകൾ ബാരാമതി അഗ്രോ ലിമിറ്റഡിന് വിറ്റുവെന്നാണ് ആരോപണം.

തിരഞ്ഞെടുപ്പ് അടുത്തതിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷത്തിനെതിരെ കേന്ദ്രം നടത്തുന്ന ആക്രമണത്തിന്റെ ഭാഗമായാണ് ഇ.ഡി നടപടികളെ ജനങ്ങൾ നോക്കിക്കാണുകയെന്ന് രോഹിത് പറഞ്ഞു. പ്രതിപക്ഷ നേതാക്കൾക്ക് എതിരെ മാത്രമാണ് അന്വേഷണം നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ജനുവരി 24 ന് രോഹിത് പവാറിനെ ഇ.ഡി 10 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

ശരദ് പവാർ– അജിത് പവാർ ഭിന്നിപ്പിനെ തുടർന്ന് ശരദ് പവാർ വിഭാഗത്തിലെ ശക്തനായ നേതാവായി ഉയർന്നുവരികയായിരുന്നു രോഹിത്.  റേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് രോഹിതിന് നേരത്തേ സമൻസ് അയച്ചിരുന്നു.

Top