ഹേമന്ത് സോറന്റെ വസതിയിൽ നിന്ന് പണവും കാറും പിടിച്ചെടുത്ത് ഇഡി

ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഔദ്യോഗിക വസതിയിൽ നിന്ന് പണവും കാറും പിടിച്ചെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 36 ലക്ഷം രൂപയും എസ്‌യുവി കാറുകളും ചില രേഖകളുമാണ് ഇഡി ഉദ്യോഗസ്ഥർ സോറന്റെ വസതിയിൽ നിന്ന് പിടിച്ചെടുത്തത്.

ഭൂമി കുംഭകോണ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായാണ് അന്വേഷണ സംഘം ഇന്നലെ സോറന്റെ വസതിയിലെത്തിയത്. അന്വേഷണത്തിനോട് സഹകരിക്കാത്ത സോറൻ അവിടെ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥനൊപ്പം പോയിരുന്നു. 13 മണിക്കൂർ കാത്തിരുന്നതിന് ശേഷമാണ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തിയത്.

പ്രക്ഷോഭങ്ങൾ കണക്കിലെടുത്ത് സോറന്റെ ഔദ്യോഗിക വസതി, രാജ്ഭവൻ, റാഞ്ചിയിലെ ഇഡി ഓഫീസ് എന്നിവയുടെ 100 മീറ്റർ ചുറ്റളവിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. ഹേമന്ത് സോറൻ നിലവിൽ എവിടെയാണ് ഉള്ളത് എന്നതിനെ കുറിച്ച് തങ്ങൾക്ക് അറിയില്ലെന്നാണ് മന്ത്രിസഭാംഗങ്ങളും പാർട്ടിയിലെ സഹപ്രവർത്തകരും പറയുന്നത്.

Top