ED seeks interpol’s help to arrest Malliya

ന്യൂഡല്‍ഹി: 9000 കോടിയുടെ സാമ്പത്തിക ക്രമക്കേട് നടത്തി രാജ്യം വിട്ട മദ്യ വ്യവസായിയും രാജ്യസഭ എം.പിയുമായ വിജയ് മല്യയെ പിടികൂടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്റര്‍പോളിന്റെ സഹായം തേടിയേക്കും.

രാജ്യാതിര്‍ത്തിക്കു പുറത്തുള്ള വ്യക്തിയെ അന്വേഷണാത്മകമായി അറസ്റ്റ് ചെയ്യണമെങ്കില്‍ ഇയാള്‍ക്കെതിരെ അന്താരാഷ്ട്ര പൊലീസ് ആയ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് (ആര്‍.സി.എന്‍) ആവശ്യമാണ്. ഇ.ഡി നല്‍കിയ ഹരജി പരിഗണിച്ച് മുംബൈ കോടതി ഇന്നലെ മല്യക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സി.ബി.ഐ മുഖാന്തരം മല്യക്കെതിരെ ആര്‍.ഇ.സി പുറപ്പെടുപ്പിക്കാന്‍ ഇന്റര്‍പോളിനെ സമീപിക്കാനൊരുങ്ങുന്നത്. ഇതിനായി ഇ.ഡിക്ക് കോടതിയുടെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്.

എന്നാല്‍, ഇന്ത്യ നല്‍കിയ അപേക്ഷ കൃത്യമായി പരിശോധിച്ച ശേഷം മാത്രമേ ഇന്റര്‍പോള്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളുകയുള്ളൂ. കുപ്രസിദ്ധ കുറ്റവാളി ഛോട്ട രാജന്‍, സാമ്പത്തിക ക്രമക്കേട് നടത്തി രാജ്യം വിട്ട ഐ.പി.എല്‍ മേധാവി ലളിത് മോദി തുടങ്ങിയവരെ കേസന്വേഷണത്തിന്റെ ഭാഗമായി ഇന്ത്യക്ക് കൈമാറാന്‍ സമാന രീതിയില്‍ മുമ്പും ഇന്ത്യ ഇന്റര്‍പോളിനെ സമീപിച്ചിട്ടുണ്ട്.

രാജ്യത്തെ വിവിധ പൊതുമേഖലാ ബാങ്കുകളില്‍ നിന്നായി 9000കോടിയുടെ വായ്പയെടുത്ത് തിരിച്ചടക്കാത്ത മല്യ കഴിഞ്ഞ മാസമാണ് ഇന്ത്യയില്‍ നിന്ന് കടന്നുകളഞ്ഞത്.

Top