തൃശൂര്‍: കരുവന്നൂര്‍ സഹകബാങ്ക് തട്ടിപ്പില്‍ കുഴല്‍പ്പണ സംഘങ്ങള്‍ക്കും ബന്ധമെന്ന് ഇഡി. പി സതീഷ്‌കുമാറിന് കുഴല്‍പ്പണ സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കള്ളപ്പണം വെളുപ്പിക്കലില്‍ ഇത്തരം സംഘങ്ങളുടെ പങ്കും ആന്വേഷണ പരിധിയില്‍ വരുമെന്നും പി സതീഷ്‌കുമാറുമായി ബന്ധമുള്ള അക്കൗണ്ട് വിവരങ്ങള്‍ പൂര്‍ണ്ണമായും ശേഖരിച്ചെന്ന് ഇഡി പറയുന്നു.
സഹകരണ ബാങ്ക് ക്രമക്കേടില്‍ ആളുകളുടെ നിക്ഷേപം പൂര്‍ണമായും തിരികെ നല്‍കാന്‍ കഴിയുമെന്ന് സഹകരണ മന്ത്രി വി എന്‍ വാസവന്‍ പ്രതികരിച്ചിരുന്നു. നിക്ഷേപകര്‍ക്ക് ഒരു രൂപ പോലും നഷ്ടമാകില്ല. കേരള ബാങ്കിലെ ഒരു ഉദ്യോഗസ്ഥന് കരുവന്നൂരില്‍ ചുമതല നല്‍കുമെന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.
12 കോടി നിക്ഷേപം തട്ടിപ്പ് നടന്ന കരുവന്നൂര്‍ ബാങ്കിന് നല്‍കും. ക്രമക്കേട് കാണിച്ചവരില്‍ നിന്ന് പണം തിരികെ പിടിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. 73 കോടി രൂപ നിക്ഷേപകര്‍ക്ക് തിരികെ നല്‍കി. കേരളബാങ്കില്‍ നിന്ന് കിട്ടാനുള്ള പന്ത്രണ്ട് കോടിയുടെ നിക്ഷേപം കരുവന്നൂര്‍ ബാങ്കിന് നല്‍കും. നിക്ഷേപകരുടെ പണം പൂര്‍ണമായും നല്‍കും. ഒരു രൂപ പോലും നഷ്ടമാകില്ലെന്ന് വി എന്‍ വാസവന്‍ വ്യക്തമാക്കി.