ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് എഎപി എംപി സഞ്ജയ് സിംഗിന്റെ വീട്ടില്‍ ഇഡി റെയ്ഡ്

ഡല്‍ഹി: എഎപി എംപി സഞ്ജയ് സിംഗിന്റെ ഡല്‍ഹി വീട്ടില്‍ ഇഡി റെയ്ഡ്. ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. രാവിലെ ഏഴ് മണിയോടെയാണ് ഇഡി സംഘം സിംഗിന്റെ വസതിയില്‍ എത്തിയത്. എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കേസില്‍ എഎപി നേതാവും ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ ജാമ്യപേക്ഷ കോടതി പരിഗണിക്കുന്ന ദിവസമാണ് എംപിയുടെ വീട്ടിലെ റെയ്ഡ്.

2020ല്‍ മദ്യശാലകള്‍ക്കും വ്യാപാരികള്‍ക്കും ലൈസന്‍സ് നല്‍കാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനത്തില്‍ സഞ്ജയ് സിംഗിനും പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കി, അഴിമതി വിരുദ്ധ നിയമങ്ങള്‍ ലംഘിച്ചു എന്നിങ്ങനെയാണ് ആരോപണങ്ങള്‍.

അതേസമയം ഇതേ കേസില്‍ എഎപി നേതാവ് മനീഷ് സിസോദിയ ജയിലിലാണ്. എഎപി നേതാക്കളെ കള്ളക്കേസ് ചുമത്തി ബിജെപി ജയിലില്‍ അടയ്ക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചിരുന്നു.

Top