ഇഡി റെയ്‌ഡ്; എ സി മൊയ്‌തീനെതിരെ തെറ്റായ ധാരണ പരത്താനുള്ള ബോധപൂര്‍വ്വമായ ശ്രമമെന്ന് സിപിഎം

തൃശൂര്‍ : സംശുദ്ധ രാഷ്ട്രീയ ജീവിതം നയിക്കുന്ന എസി മൊയ്തീന്‍ എംഎല്‍എയെ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റായ ധാരണ പരത്താനുള്ള ബോധപൂര്‍വ്വമായ പരിശ്രമമാണ് ഇഡി റെയ്‌ഡിന് പിന്നിലുള്ളതെന്ന് സിപിഐ എം. എസി മൊയ്തീനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതിനുവേണ്ടിയുള്ള ഇഡി പരിശോധനയില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു.

മുന്‍ സഹകരണ വകുപ്പ് മന്ത്രിയും, എംഎല്‍എയുമായ എ സി മൊയ്തീന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം ഇഡി പരിശോധന നടന്നത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്താനുള്ള ബോധപൂര്‍വ്വമായ ഇടപെടല്‍ രാജ്യത്തുടനീളം കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അതിന്റെ തുടര്‍ച്ചയായുള്ള ഇടപെടലിന്റെ ഭാഗമാണ് ഈ നടപടി. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പാര്‍ടി നേതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നേരെ ഇല്ലാത്ത കഥകളുടെ പരമ്പര തന്നെയാണ് അരങ്ങേറുന്നത്. വലതുപക്ഷ മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ പരസ്പരം മത്സരിക്കുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്. യുഡിഎഫ് ആകട്ടെ കേരളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഇത്തരം കടന്നാക്രമണങ്ങളെ പിന്തുണയ്ക്കുകയും, അനുകൂലിക്കുകയും ചെയ്യുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്. ഇത് തിരിച്ചറിയാനാവണം.

എസി മൊയ്തീനെ ഉള്‍പ്പെടെ അപകീര്‍ത്തിപ്പെടുത്താനുള്ള വലതുപക്ഷ രാഷ്ട്രീയ ശക്തികളും ചില മാധ്യമങ്ങളും ചേര്‍ന്ന് സൃഷ്ടിച്ചിട്ടുള്ള മാധ്യമ കൂട്ടുകെട്ടിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

Top