ശിവസേന എംഎല്‍എ രവീന്ദ്ര വൈകാറിന്റെ വസതിയില്‍ ഇഡി റെയ്ഡ്

മുംബൈ: ശിവസേന എംഎല്‍എ രവീന്ദ്ര വൈകാറിന്റെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. മുംബൈയിലെ ആഡംബര ഹോട്ടല്‍ നിര്‍മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് നടപടി. ശിവസേനയുടെ ഇരുവിഭാഗങ്ങളിലെയും എംഎല്‍എമാരെ അയോഗ്യരാക്കിയ കേസിന്റെ ഫലം നാളെ വരാനിരിക്കെയാണ് റെയ്ഡ് എന്നതും ശ്രദ്ധേയം.

ചൊവ്വാഴ്ച രാവിലെയാണ് രവീന്ദ്ര വൈകാറിന്റെ വീട്ടില്‍ ഇഡി സംഘം റെയ്ഡ് നടത്തിയത്. ജോഗേശ്വരിയിലെ വസതി, ഓഫീസുകള്‍, മാതോശ്രീ ക്ലബ്ബ് എന്നിവ ഉള്‍പ്പെടുന്ന ഏഴ് സ്ഥലങ്ങള്‍ പരിശോധ നടത്തി. ബിസിനസ് പങ്കാളിയുടെയും ഇടങ്ങളിലും റെയ്ഡ് നടന്നു. മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഭൂമി ദുരുപയോഗം ചെയ്ത് അവിടെ ആഡംബര ഹോട്ടലും ക്ലബ്ബും സ്ഥാപിച്ചു എന്നാണ് ആരോപണം.

മുംബൈയിലെ ജോഗേശ്വരി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് രവീന്ദ്ര വൈകര്‍. വര്‍ഷങ്ങളോളം മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു. ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ വിശ്വസ്തനാണ് വൈകര്‍.

Top