ed questions motilal vohra hooda over ajl land allotment panchukula

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മോത്തിലാല്‍ വോറയേയും മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ്ങ് ഹൂഡയേയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു.

പണം വെളുപ്പിക്കുന്നതിനായി നാഷണല്‍ ഹെറാള്‍ഡ് ന്യൂസ്‌പേപ്പര്‍ പ്രസാധകന്‍ അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡിന്(എ.ജെ.എല്‍) അനധികൃതമായി സ്ഥലം അനുവദിച്ചുവെന്ന കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്തത്.

എ.ഐ.സി.സി ദേശീയ ട്രഷററായ വോറ(88)യെ അദ്ദേഹത്തിന്റെ വീട്ടില്‍ വച്ചും ഹൂഡയെ ഛണ്ഡീഗഡില്‍ വച്ചുമാണ് ചോദ്യം ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

എ.ജെ.എല്ലിന്റെ ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമാണ് വോറ. അദ്ദേഹത്തിന്റെ ആവശ്യപ്രകാരം പ്രായം പരിഗണിച്ചാണ് വീട്ടില്‍ വച്ച് ചോദ്യം ചെയ്തത്.

കഴിഞ്ഞ വര്‍ഷമാണ് ഹൂഡക്കും എ.ജെ.എല്‍ ജീവനക്കാര്‍ക്കുമെതിരെ പണം വെളുപ്പിച്ചതിന് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഹൂഡക്കും സ്ഥലം അനുവദിച്ച് നല്‍കിയ ഹരിയാന നഗര വികസന അതോറിറ്റിയിലെ ജീവനക്കാര്‍ക്കുമെതിരെ വഞ്ചനക്കും അഴിമതിക്കും ഹരിയാന വിജിലന്‍സ് ബ്യൂറോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

എന്നാല്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും രാഷ്ട്രീയ പകപോക്കലാണിതെന്നും ഹൂഡ പറഞ്ഞു. ഇന്ത്യന്‍ ക്രിമിനല്‍ നിയമത്തിന്റെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൊതു പ്രവര്‍ത്തകന്‍ നടത്തിയ വിശ്വാസ വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, അഴിമതി തടയല്‍ നിയമത്തിലെ വകുപ്പുകള്‍ എന്നിവ ചേര്‍ത്താണ് ഹൂഡക്കെതിരെ കേസെടുത്തിട്ടുള്ളത്.

ആരോപണവിധേയമായ സ്ഥലം 1982ല്‍ എ.ജെ.എല്ലിന് അനുവദിച്ചതാണ്. 1996ല്‍ പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി ബന്‍സി ലാലിന്റെ നേതൃത്വത്തിലുള്ള ഹരിയാന വികാസ് പാര്‍ട്ടി സര്‍ക്കാര്‍ തിരിച്ചു പിടിച്ചിരുന്നു. എന്നാല്‍ 2005ല്‍ കോണ്‍ഗ്രസ് നേതൃത്വം അധികാരത്തില്‍ വന്നപ്പോള്‍ സ്ഥലം വീണ്ടും എ.ജെ.എല്ലിന് നല്‍കി. പൊതു ലേലത്തിലൂടെയല്ലാതെ എ.ജെ.എല്ലിന് ഭൂമി അനുവദിച്ച നടപടി നഗര വികസന വകുപ്പിന് വന്‍ നഷ്ടം വരുത്തിയെന്നുമാണ് കേസ്.

Top