കള്ളപ്പണം വെളുപ്പിക്കല്‍; ഐശ്വര്യാ റായിയെ ഇ.ഡി ചോദ്യം ചെയ്തു

aiswarya1

ന്യൂഡല്‍ഹി: നടി ഐശ്വര്യാ റായ് ബച്ചനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. വിദേശ നാണയവിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന ചോദ്യം ചെയ്യലില്‍ അന്വേഷണ ഏജന്‍സി ഐശ്വര്യയുടെ മൊഴി രേഖപ്പെടുത്തി.

‘പാനമ പേപ്പറു’കളിലൂടെയുള്ള വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് ഇ.ഡി. ഐശ്വര്യയെ ചോദ്യംചെയ്തത്. വിദേശരാജ്യങ്ങളില്‍ രഹസ്യനിക്ഷേപം നടത്തിയെന്ന ആരോപണത്തെ കുറിച്ച് ഐശ്വര്യയോട് ഇ.ഡി. വിവരങ്ങള്‍ ആരാഞ്ഞതായാണ് വിവരം.

ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ മരുമകള്‍ കൂടിയായ ഐശ്വര്യക്ക് മുന്‍പ് രണ്ടുതവണ ഇ.ഡി. സമന്‍സ് അയച്ചിരുന്നു. എന്നാല്‍ ഹാജരാകാന്‍ ഐശ്വര്യ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു.

വിദേശ നാണയവിനിമയ ചട്ട ലംഘനങ്ങളെ കുറിച്ചുള്ള ആരോപണങ്ങളില്‍ 2017-ലാണ് ഇ.ഡി. അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് 2004 മുതലുള്ള വിദേശ നിക്ഷേപങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബച്ചന്‍ കുടുംബത്തിന് ഇ.ഡി. നോട്ടീസ് അയച്ചിരുന്നു. കഴിഞ്ഞ 15 കൊല്ലത്തിനിടെ തനിക്ക് ലഭിച്ച വിദേശവരുമാനത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഐശ്വര്യ ഇതിനകം ഹാജരാക്കിയെന്നാണ് വിവരം.

2016-ലാണ് പാനമ പേപ്പറുകള്‍ പുറത്തെത്തുന്നത്. ലോകത്തെ അതിസമ്പന്നര്‍ നികുതിവെട്ടിക്കാനായി കടലാസുകമ്പനികളിലൂടെയും മറ്റും വിദേശത്ത് നിക്ഷേപം നടത്തിയെന്ന ആരോപണമാണ് ഇതിലൂടെ പുറത്തെത്തിയത്.

രാഷ്ട്രീയക്കാര്‍, വ്യവസായികള്‍, സെലിബ്രിറ്റികള്‍ തുടങ്ങിയവരുടെ ഇത്തരം നിക്ഷേപങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തെത്തിച്ചത് അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ അന്താരാഷ്ട്ര കൂട്ടായ്മയാണ്.

Top