കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇ ഡി രാഷ്ട്രീയം കളിക്കുന്നു;അരവിന്ദാക്ഷന്‍ കോടതിയില്‍

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇ ഡി രാഷ്ട്രീയം കളിക്കുകയാണെന്ന് വടക്കാഞ്ചേരി നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി ആര്‍ അരവിന്ദാക്ഷന്‍ കോടതിയില്‍. ഇ ഡി കഥ മെനയുകയാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നും അരവിന്ദാക്ഷന്‍ കോടതിയില്‍ പറഞ്ഞു. തന്റെ അമ്മ ചന്ദ്രമതിയുടെ അക്കൗണ്ടിലൂടെ 63 ലക്ഷം രൂപയുടെ ഇടപാട് നടന്നെന്ന് ഇ ഡി തെറ്റിദ്ധരിപ്പിച്ചെന്നും ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ അരവിന്ദാക്ഷന്‍ ചൂണ്ടിക്കാട്ടി.

കരുവന്നൂര്‍ കേസില്‍ രാഷ്ട്രീയ താത്പര്യത്തോടെയാണ് അന്വേഷണ ഏജന്‍സി പ്രവര്‍ത്തിക്കുന്നത്. സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കുന്ന ബുള്‍ഡോസറായി ഇഡി മാറുകയാണെന്നും അരവിന്ദാക്ഷന്‍ പറഞ്ഞു. അതേസമയം പെരിങ്ങണ്ടൂര്‍ ബാങ്ക് സെക്രട്ടറി അന്വേഷണത്തോട് സഹകരിച്ചില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു. ബാങ്ക് സെക്രട്ടറി അന്വേഷണ ഏജന്‍സിയെ തെറ്റിധരിപ്പിക്കാന്‍ ശ്രമിച്ചു. സെക്രട്ടറിക്കെതിരെ നടപടി ആവശ്യമാണെന്ന് ഇഡി കോടതിയില്‍ വാദിച്ചു. പി ആര്‍ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷയില്‍ വാദം മറ്റന്നാള്‍ തുടരും.

Top