മന്ത്രി കെടി ജലീലിനെ ഇഡി രണ്ടു ദിവസം ചോദ്യം ചെയ്തതായി സൂചന

കൊച്ചി: ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) രണ്ടു ദിവസം ചോദ്യം ചെയ്തായി സൂചന. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഏഴരയോടെ എന്‍ഫോഴ്‌സമെന്റ് ഓഫിസിലെത്തിയ മന്ത്രിയെ രാത്രി 11.30 വരെ ചോദ്യം ചെയ്തശേഷം അടുത്ത ദിവസം ഹാജരാകുവാന്‍ ആശ്യപ്പെട്ടുകൊണ്ട് പറഞ്ഞ് അയയ്ക്കുകയായിരുന്നുവെന്നാണ് വിവരം. ഇതിനുശേഷമാണ് രാത്രിയില്‍ അരൂരിലെ സുഹൃത്തിന്റെ വസതിയില്‍ താമസിച്ചതും വെള്ളിയാഴ്ച രാവിലെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാതുമെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ഉച്ചയ്ക്ക് ഒരു മണി വരെ നീണ്ട ചോദ്യം ചെയ്യലിനു ശേഷം മന്ത്രി മലപ്പുറത്തേയ്ക്ക് പോകുകയായിരുന്നു. ഇഡിയോട് മൊഴിയെടുക്കുന്ന വിവരം രഹസ്യമായി വയ്ക്കണമെന്ന് മന്ത്രി അങ്ങോട്ട് ആവശ്യപ്പെട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍, മന്ത്രിയില്‍ നിന്നു ലഭിച്ച വിവരങ്ങള്‍ അന്വേഷണ സംഘം ഇഡി മേധാവിക്ക് കൈമാറിയിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷം മന്ത്രിയോട് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെടുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. മന്ത്രിയില്‍ നിന്നും, യുഎഇ കോണ്‍സുലേറ്റ് വഴി 4472 കിലോ വരുന്ന മത ഗ്രന്ഥങ്ങള്‍ എത്തിയതുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്കുള്ള ഉത്തരം തേടുകയായിരുന്നു ഇഡി.

കഴിഞ്ഞയാഴ്ച ചോദ്യം ചെയ്യലിന് മന്ത്രി ഹാജരായ വിവരം ഇഡി മേധാവി തന്നെ സ്ഥിരീകരിച്ചിരുന്നു. ആദ്യം ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല എന്നാണ് മന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ സത്യാവസ്ഥ പുറത്തുവന്നതോടെ വന്‍ വിവാദങ്ങളാണ് സംഭവത്തെതുടര്‍ന്നുണ്ടായത്. ആരോപണങ്ങളുയര്‍ന്നതോടെ തനിക്ക് മാധ്യമങ്ങളോട് ഇതു സംബന്ധിച്ച് വിശദീകരിക്കേണ്ടതില്ല എന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്. മന്ത്രി കെ.ടി. ജലീല്‍ സംശയ നിഴലില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ സമരം ശക്തമാക്കിയിരിക്കുകയാണ്.

അരൂരിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ മന്ത്രി, സ്റ്റേറ്റ് കാര്‍ അവിടെയിട്ട് സ്വകാര്യ കാറില്‍ ഇഡി ഓഫിസിലെത്തിയ നടപടിയും വിവാദമായിരുന്നു. മൊഴിയെടുപ്പ് 2 മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയായി. എന്നാല്‍ വൈകിട്ട് 5 മണിവരെ വിവരം മന്ത്രി ജലീലും അദ്ദേഹത്തിന്റെ ഓഫിസും അടുത്ത സുഹൃത്തുക്കളും നിഷേധിച്ചുകൊണ്ടിരുന്നു. നോട്ടിസ് പോലും ലഭിച്ചിട്ടില്ലെന്നു മന്ത്രി പ്രതികരിച്ചു. എന്നാല്‍, മന്ത്രിയുടെ മൊഴി രേഖപ്പെടുത്തിയ വിവരം വൈകിട്ട് 5.45 ന് ഇഡി മേധാവി ന്യൂഡല്‍ഹിയില്‍ സ്ഥിരീകരിച്ചു. രാവിലെ 9.30 മുതല്‍ കൊച്ചി ഓഫിസില്‍ മന്ത്രി ജലീലിനെ ചോദ്യം ചെയ്‌തെന്നും സ്വര്‍ണക്കടത്തു കേസില്‍ മറ്റു വിഷയങ്ങളും ഉള്‍പ്പെടുമെന്നും ഇഡി ഉന്നതര്‍ പറഞ്ഞു. പല ചോദ്യങ്ങളിലും കൃത്യമായ ഉത്തരം നല്‍കാതെ ജലീല്‍ ഒഴിഞ്ഞുമാറിയെന്ന് ഇഡി വൃത്തങ്ങള്‍ പറഞ്ഞു.

Top