‘കരുവന്നൂരിൽ’ അസാധാരണ നീക്കത്തിനൊരുങ്ങി ഇഡി, കേസുകൾ കേരളത്തിന് പുറത്തേക്ക് മാറ്റിയേക്കും

പോക്ക് പോയാൽ പശ്ചിമ ബംഗാളിൽ വർഷങ്ങൾക്കു മുൻപ് നടന്ന പൊലീസ് – സി.ബി.ഐ ഏറ്റുമുട്ടൽ പോലെ കേരളത്തിലും സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ നടന്ന പൊലീസ് പരിശോധന അത്തരമൊരു സൂചനയാണ് നൽകുന്നത്. കൊൽക്കത്തയിൽ ലോക്കൽ പൊലീസും സി.ബി.ഐയും തമ്മിലാണ് പോര് നടന്നതെങ്കിൽ കേരളത്തിൽ ഇ.ഡിയും ലോക്കൽ പൊലീസും തമ്മിലുള്ള ബന്ധമാണിപ്പോൾ വഷളായിരിക്കുന്നത്. ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ കേരള പൊലീസ് നീങ്ങിയാൽ കടുത്ത നടപടിയിലേക്ക് ഇഡിയും ഇനി കടക്കും.

ഇ.ഡി ചോദ്യം ചെയ്ത് വിട്ടയച്ച സി പി എം പ്രാദേശിക നേതാവിന്റെ പരാതിയിൽ ഇ.ഡി ഉദ്ദ്യോഗസ്ഥർക്കെതിരെ കേസെടുത്താൽ നിലവിൽ ഇ.ഡി അന്വേഷിക്കുന്ന കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസു തന്നെ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റിയേക്കും. ഇക്കാര്യം ഇ.ഡി തന്നെ നേരിട്ട് കോടതിയിൽ ആവശ്യപ്പെടും. ഇതു സംബന്ധമായ നിർദ്ദേശം ഡൽഹിയിലെ ഇ.ഡി ആസ്ഥാനത്തു നിന്നും ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥർക്ക് ലഭിച്ചതായാണ് സൂചന. ഇ.ഡിയുടെ കൊച്ചി ആസ്ഥാനത്ത് പൊലീസ് നടത്തിയ പരിശോധനയിൽ കടുത്ത പ്രതിഷേധമാണ് ഇ.ഡി മേധാവി അടക്കമുള്ളവർക്കുള്ളത്. പൊലീസിന്റെ പരിശോധനയെ തുടർന്ന് പ്രതിരോധ നടപടികൾ ശക്തമാക്കാനാണ് ഇ.ഡി തീരുമാനിച്ചിരിക്കുന്നത്. ഇനി കേരള പൊലീസ് വന്നാൽ തടയിടാൻ കേന്ദ്ര സേന തന്നെ രംഗത്തിറങ്ങും.

കരുവന്നൂർ കേസ് ഡൽഹിയിലേക്കോ യു.പിയിലേക്കോ മാറ്റിയാൽ പ്രതികളും അവരെ പിന്തുണയ്ക്കുന്നവരുമാണ് വെട്ടിലാകുക. കേരളം ഭരിക്കുന്ന പാർട്ടിയുടെ നേതാക്കൾ ഉൾപ്പെട്ട കേസായതിനാലും അന്വേഷണത്തെ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നതിനാലും കേരളത്തിനു പുറത്ത് വിചാരണ നടക്കുന്നതാണ് ഉചിതമെന്നാണ് ഉന്നത ഇ.ഡി ഉദ്ദ്യോഗസ്ഥരും അഭിപ്രായപ്പെടുന്നത്. അവർ ഇക്കാര്യം രേഖാമൂലം കോടതിയെ അറിയിച്ചാൽ കോടതി ഈ ആവശ്യം പരിഗണിക്കാനുള്ള സാധ്യത ഈ ഘട്ടത്തിൽ തള്ളിക്കളയാൻ കഴിയുന്നതല്ല.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്ത വടക്കാഞ്ചേരി നഗരസഭ കൗൺസിലർ കൂടിയായ പി ആർ അരവിന്ദാക്ഷനാണ് അന്വേഷണ ഉദ്ദ്യോഗസ്ഥരെ അമ്പരപ്പിച്ചു കൊണ്ട് ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. വ്യാജമൊഴി നൽകാൻ ഉദ്യോഗസ്ഥർ തന്നെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് അരവിന്ദാക്ഷന്റെ ആരോപണം. പരാതി ലഭിച്ച ഉടനെ തന്നെ എറണാകുളം സെൻട്രൽ പൊലീസ് ഇ ഡി ഓഫീസിൽ കുതിച്ചെത്തി പ്രാഥമിക പരിശോധനയും നടത്തുകയുണ്ടായി. പൊലീസിന്റെ ഈ നടപടി കേരള പൊലീസും .ഇ.ഡിയും തമ്മിലുള്ള ബന്ധമാണ് വഷളാക്കിയിരിക്കുന്നത്.

ഇ.ഡിയുടെ ചോദ്യം ചെയ്യലിനു ശേഷം ഒരു പരാതിയും പറയാതെ പുറത്ത് പോയ അരവിന്ദാക്ഷൻ ഇതിനു ശേഷം പ്രമേഹം കൂടിയതിനെ തുടർന്ന് പിന്നീട് ആശുപത്രിയിൽ അഡ്മിറ്റിയ സമയത്തു പോലും ഇ.ഡി ഉദ്ദ്യോഗസ്ഥർക്കെതിരെ ഒരു പരാതിയും പറഞ്ഞിരുന്നില്ല. ആശുപത്രി വിട്ടശേഷമാണ് അദ്ദേഹം പരാതിയുമായി രംഗപ്രവേശനം ചെയ്തിരുന്നത്. “മർദ്ദനം ആരോപിച്ച് പരാതി നൽകിയതിനു പിന്നിൽ വ്യക്തമായ തിരക്കഥയുണ്ടെന്നും അന്വേഷണം അട്ടിമറിക്കാനും അന്വേഷണ ഉദ്ദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കാനുമാണ് ഈ നീക്കമെന്നുമാണ്” കേന്ദ്ര ഏജൻസികൾ ആരോപിക്കുന്നത്. ഐ.ബി – നൽകിയ റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം പൊലീസ് നടപടി ചോദ്യം ചെയ്ത് ഇ.ഡി ഉദ്ദ്യോഗസ്ഥർ ഹൈക്കോടതിയെ സമീപിച്ചാൽ പൊലീസിന് തിരിച്ചടി ഉറപ്പാണെന്നാണ് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകരും ചൂണ്ടിക്കാട്ടുന്നത്. മുൻപ് സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് കള്ള മൊഴി നല്‍കാന്‍ പ്രേരിപ്പിച്ചെന്ന പരാതിയിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളും ഹൈക്കോടതി ഇടപെട്ടാണ് റദ്ദാക്കിയിരുന്നത്. ഇതേ അവസ്ഥ, അരവിന്ദാക്ഷന്റെ പരാതിയിൽ കേസെടുത്താലും സംഭവിക്കുമെന്നാണ് അഭിഭാഷകർ നൽകുന്ന മുന്നറിയിപ്പ്.

ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കുന്നത് കൂടുതൽ ആലോചനകൾക്ക് ശേഷം മതിയെന്നതാണ് നിലവിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും തീരുമാനിച്ചിരിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദത്തെ തുടർന്ന് ഇ.ഡിക്കെതിരെ കേസെടുത്താൽ കേസെടുക്കാൻ നിർദ്ദേശം നൽകുന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ കൂടിയാണ് കേന്ദ്രസർക്കാറിന്റെ നോട്ടപ്പുള്ളിയായി മാറുക. ഐ.പി.എസുകാരുടെ മേൽ കൂടുതൽ അധികാരം കേന്ദ്രത്തിനുള്ളതിനാൽ ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കാൻ ഒരു ഐ.പി.എസുകാരനും തയ്യാറാവാനും സാധ്യതയില്ല.

“വ്യാജമൊഴി നൽകാൻ ഉദ്യോഗസ്ഥർ തന്നെ ക്രൂരമായി മർദ്ദിച്ചുവെന്ന അരവിന്ദാക്ഷന്റെ മൊഴിയിൽ” ഉന്നത ഉദ്യോഗസ്ഥർക്കിടയിൽ തന്നെ വിശ്വാസ്യത കുറവുണ്ട്. ചോദ്യംചെയ്യൽ നടപടി ക്രമങ്ങൾ എല്ലാം തന്നെ ഇ.ഡി റെക്കോർഡ് ചെയ്തിട്ടുള്ളതിനാൽ കള്ളമാണ് അരവിന്ദാക്ഷൻ പറയുന്നതെങ്കിൽ അത് പൊളിക്കാൻ അവർക്ക് നിഷ്പ്രയാസം സാധിക്കുകയും ചെയ്യും. ഈ ആത്മവിശ്വാസം ഇ.ഡി ഉദ്യോഗസ്ഥരിലും പ്രകടമാണ്. പൊലീസ് നീക്കത്തെ ഭയക്കാതെ സംസ്ഥാനത്തെ പിടിച്ചു കുലുക്കിയ സഹകരണ ബാങ്ക് ക്രമക്കേടിൽ ഇടപെട്ട മുഴുവൻ പേരെയും അറസ്റ്റ് ചെയ്യാനാണ് ഇ.ഡി തീരുമാനിച്ചിരിക്കുന്നത്.

വമ്പൻ സ്രാവുകൾ ഇനിയും പുറത്ത് വരാനുണ്ട് എന്ന സൂചനയും ബന്ധപ്പെട്ടവർ നൽകുന്നുണ്ട്. ചില പ്രമുഖരുടെ ഫോണുകൾ ഉൾപ്പെടെ ഇപ്പോഴും നിരീക്ഷണത്തിലാണെന്നാണ് ലഭിക്കുന്ന വിവരം. ഇ.ഡിയുടെ ഈ നീക്കങ്ങൾക്കെല്ലാം തന്നെ കേന്ദ്ര സേനയുടെ പൂർണ്ണ സംരക്ഷണവുമുണ്ട്. ഇ.ഡി ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന ഏത് സമയത്തും ആവശ്യമായ സന്നാഹത്തെ വിട്ടുനൽകാനാണ് കേന്ദ്രസേനക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. കേരള പൊലീസിനെ പൂർണ്ണമായും അകറ്റി നിർത്തിയാണ് ഇ.ഡി നിലവിൽ റെയ്ഡുകൾ നടത്തി വരുന്നത്. ഇതേ നിലപാട് തന്നെയാകും തുടർന്നും അവർ സ്വീകരിക്കുക. അതാകട്ടെ…. വ്യക്തവുമാണ് . . .

EXPRESS KERALA VIEW

Top