മോന്‍സനെതിരെ അന്വേഷണത്തിന് ഇഡി ! മുഖം തിരിച്ച് ക്രൈം ബ്രാഞ്ച്, അനിതക്കെതിരെ കേസ്

കൊച്ചി: പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ കേസില്‍ അന്വേഷണവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുന്നോട്ട്. പുരാവസ്തു തട്ടിപ്പിലെ പരാതിക്കാര്‍ക്ക് നോട്ടീസ് അയച്ചു. രേഖകളുമായി മൊഴി നല്‍കാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ യാക്കൂബിനാണ് ഇഡി നോട്ടീസ് അയച്ചത്. ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്ന് പരാതിക്കാരന്‍ അറിയിച്ചു.

എന്നാല്‍, ഇഡിയുടെ ഇടപെടലിന് പിറകില്‍ നിക്ഷിപ്ത താല്‍പ്പര്യമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കുറ്റപ്പെടുത്തിയിരുന്നു. ഇഡിയുടെ കത്തിന് ക്രൈം ബ്രാഞ്ച് മറുപടി നല്‍കിയിട്ടില്ല. മോന്‍സന്‍ കേസിലെ അന്വേഷണ വിവരങ്ങളും കൈമാറിയിട്ടില്ല.

അതേസമയം, മോന്‍സന്‍ മാവുങ്കലിനെതിരായ പോക്‌സോ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് വിദേശ മലയാളി അനിത പുല്ലയിലിനെതിരെ ക്രൈം ബ്രാഞ്ച് കേസ് എടുത്തു. ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് അനിത പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത്. സംഭവത്തില്‍ അനിതയുടെ മൊഴി ക്രൈംബ്രാഞ്ച് ശേഖരിക്കും.

മോന്‍സന്‍ മാവുങ്കലിന്റെ അടുത്ത സുഹൃത്തായ അനിത പിന്നീട് മോന്‍സനുമായി തെറ്റിപ്പിരിഞ്ഞിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരെ മോന്‍സന് പരിചയപ്പെടുത്തിയതടക്കമുള്ള കാര്യങ്ങളില്‍ നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷണ പരിധിയിലാണ് അനതി. ഹൈക്കോടതിയും വിദേശ മലയാളിയുടെ ഇടപെടലില്‍ അന്വേഷണം അടക്കം എത് ഘട്ടത്തിലാണെന്ന് ചോദിച്ചിരുന്നു.

Top