കരുവന്നൂർ ബാങ്ക് ആസ്ഥാനത്തെ ഇഡി പരിശോധന അവസാനിച്ചു

കരുവന്നൂർ സഹകരണ ബാങ്ക് ഹെഡ് ഓഫീസിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് നടത്തിവന്ന റെയ്ഡ് അവസാനിച്ചു. പുലർച്ചെ മൂന്നുമണിക്കാണ് അവസാനിച്ചത്. ഇന്നലെ രാവിലെ 8 മണിയോടെ ആരംഭിച്ച പരിശോധന 20 മണിക്കൂറോളം നീണ്ടു.

റബ്‌കോ ഏജന്റായിരുന്ന ബിജോയുടെ വീട്ടിലെ പരിശോധന ഇന്നലെ രാത്രി 10.30വരെ നീണ്ടുനിന്നു. പ്രതികളുടെ വീട്ടിൽ നിന്ന് ആധാരം ഉൾപ്പടെയുള്ള രേഖകളുടെ പകർപ്പ് ശേഖരിച്ചു. തട്ടിപ്പ് നടന്ന കാലയളവിൽ ബാങ്കിലുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഇഡി പരിശോധിച്ചു.

ബാങ്ക് പ്രസിഡന്റ്‌ ആയിരുന്ന കെ കെ ദിവാകരൻ,സെക്രട്ടറി ആയിരുന്ന സുനിൽ കുമാർ, മുൻ ശാഖ മാനേജർ ബിജു കരീം എന്നിവരുടെ വീടുകളിലും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു . കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ വീട്ടിൽ ഒരേ സമയം ആണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പരിശോധന നടത്തിയത്.

Top