കിഫ്ബി മസാല ബോണ്ടിലെ അന്വേഷണത്തില്‍ നിന്നുള്ള പിന്മാറ്റം സൂചിപ്പിച്ച് ഇഡി

കൊച്ചി: കിഫ്ബി മസാല ബോണ്ടിലെ അന്വേഷണത്തില്‍ നിന്നുള്ള പിന്മാറ്റം സൂചിപ്പിച്ച് ഇഡി. തെളിവില്ലെങ്കില്‍ കേസുമായി മുന്നോട്ട് പോകില്ലെന്നും പരാതി കീറിക്കളയുമെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. അനാവശ്യ അന്വേഷണത്തിന് അനുമതിയില്ലെന്നും ആവശ്യമെങ്കില്‍ രേഖകള്‍ പരിശോധിക്കാമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. ഡോ. ടിഎം തോമസ് ഐസകും കിഫ്ബിയും നല്‍കിയ ഹര്‍ജിയില്‍ അടുത്ത വ്യാഴാഴ്ച ഹൈക്കോടതി കൂടുതല്‍ വാദം കേള്‍ക്കും.

സമന്‍സ് നല്‍കാനോ അനാവശ്യ അന്വേഷണത്തിനോ ഇഡിക്ക് അനുമതിയില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. ആവശ്യമെങ്കില്‍ രേഖകള്‍ പരിശോധിച്ച് കുറ്റകൃത്യമുണ്ടോയെന്ന് പരിശോധിക്കാം. അന്വേഷണവുമായി മുന്നോട്ട് പോകാന്‍ തടസമില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഭരണഘടനയുടെ അനുച്ഛേദം 12ലെയും 273ലെയും സ്റ്റേറ്റിന്റെ നിര്‍വചനം രണ്ടാണെന്നായിരുന്നു കിഫ്ബിക്ക് വേണ്ടി ഹാജരായ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അരവിന്ദ് പി ദത്താറിന്റെ വാദം. അനുച്ഛേദം 273ലെ സ്റ്റേറ്റ് എന്നാല്‍ സംസ്ഥാന സര്‍ക്കാരാണ്. ഈ നിര്‍വ്വചനത്തില്‍ കിഫ്ബി വരില്ല. അതിനാല്‍ കിഫ്ബിക്ക് മേല്‍ അന്വേഷണം നടത്താന്‍ ഇഡിക്ക് അധികാരപരിധിയില്ല. കുറ്റകൃത്യം സംബന്ധിച്ച നടപടിക്രമങ്ങള്‍ നിലവിലില്ല. സിഎജി റിപ്പോര്‍ട്ട് നിയമസഭ തള്ളിയതാണ്. അതില്‍ ഇഡിക്ക് അന്വേഷണം നടത്താനാവില്ല. കിഫ്ബിയോട് ഏഴ് തവണ രേഖകള്‍ ഹാജരാക്കാന്‍ ഇഡി ആവശ്യപ്പെട്ടു. ഇതെല്ലാം പൊതുവില്‍ ലഭ്യമായ രേഖകളാണ്. ആവശ്യപ്പെട്ട രേഖകള്‍ നല്‍കിയെന്നും കിഫ്ബി അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു.

സമന്‍സ് അയക്കാന്‍ അനുമതി നല്‍കിയ പുതുക്കിയ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയതിന് പിന്നാലെയാണ് കിഫ്ബി മസാല ബോണ്ട് കേസ് വീണ്ടും സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് വന്നത്. തെളിവില്ലെങ്കില്‍ കേസുമായി മുന്നോട്ട് പോകില്ലെന്നും കുറ്റകൃത്യം ഇല്ലെങ്കില്‍ പരാതി കീറിക്കളയുമെന്നുമാണ് ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എആര്‍എല്‍ സുന്ദരേശന്‍ സിംഗിള്‍ ബെഞ്ചിനെ അറിയിച്ചത്. കിഫ്ബി പുറപ്പെടുവിച്ച മസാല ബോണ്ടില്‍ നിയമ വിരുദ്ധതയില്ല. മസാല ബോണ്ട് വഴി കിഫ്ബി വിദേശ വിനിമയ നിയമം ലംഘിച്ചോ എന്നാണ് അന്വേഷണം. മസാല ബോണ്ടിലൂടെ മുന്‍ ധനമന്ത്രി എന്ത് നേട്ടമാണ് ഉണ്ടാക്കിയതെന്നാണ് പരിശോധിക്കേണ്ടത്. ഇതിനാണ് സമന്‍സ് നല്‍കിയതും രേഖകള്‍ ആവശ്യപ്പെട്ടതും എന്നും ഇഡി അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു.

 

Top